കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിവാദം: അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Update: 2023-01-31 07:35 GMT

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയെന്ന് അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡയറക്ടര്‍ ശങ്കര്‍മോഹനന്‍ രാജിവച്ച് പുറത്തുപോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. അടൂരിന്റെ കത്തില്‍ ശങ്കര്‍ മോഹനന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ രാജിയിലേയ്ക്ക് കാര്യങ്ങളെത്തിച്ചതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

നാല് പതിറ്റാണ്ടിലധികം പ്രശസ്തമായ രീതിയില്‍ സര്‍ക്കാര്‍ സേവനം നടത്തിയ ആളാണ് ശങ്കര്‍ മോഹനനെന്ന് അടൂര്‍ പറയുന്നു. ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രഫഷനലിനെയാണ് ക്ഷണിച്ചുവരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളഉം വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും ചാര്‍ത്തി അപമാനിച്ച് പുറത്തുവിട്ടതെന്ന് അടൂര്‍ പറയുന്നു. ഡയറക്ടറുടെ രാജിയോടെ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രശ്‌നങ്ങള്‍ക്ക് തിരശ്ശീല വീണുതെന്ന് കരുതുന്നത് തെറ്റാണ്. അദ്ദേഹത്തിന്റെ രാജി പ്രശ്‌നങ്ങള്‍ കുറച്ചുകൂടി തീവ്രമാക്കുമെന്നാണ് തനിക്ക് തോന്നുന്നത്.

യോഗ്യരും അനുഭവസമ്പന്നരുമായ എട്ടുപേരാണ് അധ്യാപനത്തില്‍ നിന്നും നടത്തിപ്പ് വിഭാഗത്തില്‍ നിന്നും രാജിവച്ചിരിക്കുന്നത്. അക്കാദമിക് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളിയും രാജിവച്ചിരിക്കുകയാണ്. സത്യസന്ധരും ഉന്നത ശ്രേണിയില്‍പ്പെടുന്നവരുമായ പോലിസ് സംഘത്തെക്കൊണ്ട് അന്വേഷണം നടത്തിയാല്‍ മാത്രമേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സാമാന്യബുദ്ധിക്കോ നീതിക്കോ നിരക്കാത്ത സമരമുറകളുടെ ഉറവിടവും പിന്തുണയും പുറത്തുവരൂ. അല്ലാതെ നടത്തുന്ന അന്വേഷണങ്ങള്‍ വിഫലവും വിപരീത ഫലങ്ങള്‍ ഉളവാക്കുന്നവയുമാവും. കുറ്റവാളികളെ തിരിച്ചറിയാതെ നേരും നെറിയുമായി പ്രവര്‍ത്തിച്ചവരെ തേജോവധം ചെയ്യാനും സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനും അവഹേളിക്കാനുമാണ് അന്വേഷണ നാടകങ്ങളിലൂടെ ഒരുമ്പെട്ടത്.

തിരുത്താനാവാത്ത വലിയൊരു ദുരന്തമാണ് ഇതിന്റെയെവ്വാം ഫലമായി വരുത്തിവച്ചിരിക്കുന്നത്. കുറ്റവാളികള്‍ ആരായാലും ഗേറ്റ് കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരോ അനധ്യാപകരോ വിദ്യാര്‍ഥികളോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കേണ്ടത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞാണ് അടൂരിന്റെ രാജിക്കത്ത് അവസാനിക്കുന്നത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി മാര്‍ച്ച് 31 വരെയാണ്.

ജാതി അധിക്ഷേപം അടക്കം ഉയര്‍ത്തി ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരേ നടത്തിയ വിദ്യാര്‍ഥി സമരത്തില്‍ അടൂരിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ലെന്നായിരുന്നു വിദ്യാര്‍ഥി സമരത്തോട് അടൂര്‍ പ്രതികരിച്ചത്.

വിദ്യാര്‍ഥി സമരത്തിന് പിന്നാലെ സിനിമാമേഖലയില്‍ നിന്നും അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് ശങ്കര്‍ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവച്ചത്. അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അടൂര്‍ വഴങ്ങിയില്ല. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്.

സമരം ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയത്. കമ്മിഷന്‍ റിപോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പെയാണ് ശങ്കര്‍ മോഹനന്റെയും അടൂരിന്റെയും രാജിയുണ്ടായിരിക്കുന്നത്.

Tags:    

Similar News