മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചിച്ചെന്ന്; മുഴുവന്‍ തെളിവുകളും ഇ ഡി ക്ക് നല്‍കിയെന്ന് കെ ടി ജലീല്‍

കുഞ്ഞാലിക്കുട്ടിയോട് ഈ മാസം 16ന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.തനിക്ക് കൊടുക്കാനുള്ള രേഖകള്‍ മുഴുവന്‍ കൈമാറി.തുടര്‍ നടപടികളുമായി ഇ ഡി മുന്നോട്ടു പോകുമെന്നാണ് തന്റെ വിശ്വാസമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.ലീഗിന്റെ മുഖപത്രവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മാത്രമാണ് ഇ ഡി യോട് താന്‍ സംസാരിച്ചിട്ടുള്ളത്.മറ്റു കാര്യങ്ങള്‍ ഇ ഡി ചോദിക്കുകയോ താന്‍ പറയുകയോ ചെയ്തിട്ടില്ലെന്നും ജലീല്‍ പറഞ്ഞു

Update: 2021-09-09 15:20 GMT

കൊച്ചി: മുഖപത്രത്തിന്റെ മറവില്‍ മുസ് ലിം ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ലഭ്യമായ രേഖകളും തെളിവുകളും ഇ ഡിക്ക് കൈമാറിയെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. കൊച്ചിയില്‍ ഇ ഡി ഓഫിസില്‍ ഹാജരായതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞാലിക്കുട്ടിയോട് ഈ മാസം 16 ന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.തനിക്ക് കൊടുക്കാനുള്ള രേഖകള്‍ മുഴുവന്‍ കൈമാറി.തുടര്‍ നടപടികളുമായി ഇ ഡി മുന്നോട്ടു പോകുമെന്നാണ് തന്റെ വിശ്വാസമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

ലീഗിന്റെ മുഖപത്രവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മാത്രമാണ് ഇ ഡി യോട് താന്‍ സംസാരിച്ചിട്ടുള്ളത്.മറ്റു കാര്യങ്ങള്‍ ഇ ഡി ചോദിക്കുകയോ താന്‍ പറയുകയോ ചെയ്തിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.ഇ ഡി യുടെ ഇടപെടല്‍ സഹകരണ ബാങ്കുകളില്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.എ ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ സംസ്ഥാന സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് താന്‍ നേരത്തെ ആവശ്യപ്പെട്ടത്.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്നാണ് താന്‍ പറഞ്ഞത്.കള്ളപ്പണ ഇടപമാടുമായി ബന്ധപ്പെട്ട് എന്തെങ്കിലുമുണ്ടെങ്കില്‍ അന്വേഷിക്കേണ്ട അതോരിറ്റി അത് അന്വേഷിക്കും.ലീഗിനെതിരായ തന്റെ നിലപാടിന് മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട്.മുസ് ലിം ലീഗിന്റെ നയങ്ങളോട് ശക്തമായ വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎമ്മും ഇടതു പാര്‍ട്ടികളും. മുസ് ലിം ലീഗിന്റെ കൊള്ളരുതാത്ത നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കുമെതിരായി സംസാരിക്കുമ്പോള്‍ പാര്‍ട്ടിയുടെ പിന്തുണ എന്തായാലും ഉണ്ടാകുമെന്നും കെ ടി ജലീല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇത് തന്നെയാണ് പാര്‍ട്ടി സെക്രട്ടറി ഇന്‍ചാര്‍ജ് വിജയരാഘവന്‍ വ്യക്തമാക്കിയതെന്നും ജലീല്‍ പറഞ്ഞു.കള്ളപ്പണ ഇടപാട് ഒരു പാര്‍ട്ടിയുടെയും ഒരു സമുദായത്തിന്റെയും പേരില്‍ ഒരാളും നടത്താന്‍ പാടില്ല. മുസ് ലിം ലീഗ് സാധാരാണ പാര്‍ട്ടിപോലെയുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല.ഒരു പാട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ്.ആ പാര്‍ട്ടി കള്ളപ്പണ ഇടപാട് നടത്തുക, കോടിക്കണക്കിന് രൂപയുടെ പലിശ എഴുതിയെടുത്ത് അവരുടെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള മുസ് ലിം ലീഗിന്റെ മണ്ഡലം കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു.ആ അക്കൗണ്ടുകള്‍ മുഖേനയാണ് ഇത്തരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുളളതെന്നും കെ ടി ജലീല്‍ ആരോപിച്ചു.വിഷയമായപ്പോള്‍ ഇതെല്ലാം ഡിലീറ്റ് ചെയ്തു. ആ സ്ഥാനത്ത് ഒരോ പേരുകള്‍ തിരുകികയറ്റിയെന്നും ജലീല്‍ ആരോപിച്ചു.

ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട് മെന്റിന് ഇത് മനസിലായത്.ഈ സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയ കമ്പനിയുടെ സഹായം അവര്‍ ഇപ്പോള്‍ തേടിയിരിക്കുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു.സെക്രട്ടറി,മുസ് ലിം ലീഗ് മണ്ഡലം കമ്മറ്റി,ട്രഷറര്‍ മുസ് ലിം ലീഗ് മണ്ഡലം കമ്മിറ്റി എന്നിങ്ങനെ കേരളത്തിന്റെ ഒരറ്റത്ത് നിന്നും തുടങ്ങി മറ്റേ അറ്റേവരെ നൂറു കണക്കിന് അക്കൗണ്ടുകളാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. മുസ് ലിം ലീഗ് എന്നു പറയുന്ന പാര്‍ട്ടിയുടെ സംവിധാനത്തെ ഉപയോഗപ്പെടുത്തി ഒരു വ്യക്തി തന്റെ കള്ളപ്പണ സൂക്ഷിപ്പ് നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കുമെന്നും അപകടകരമായ പ്രവണതയാണിതെന്നും ഇതിനെ എതിര്‍ക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.



വിഷയത്തില്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകും.ഏതു വിധത്തിലുളള അന്വേഷണമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.താന്‍ കാര്യങ്ങള്‍ പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എ ആര്‍ നഗര്‍ ബാങ്കില്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരം മുസ് ലിം ലീഗിന്റെ കമ്മിറ്റികളുടെ പേരില്‍ ഒരു തരത്തിലുളള അക്കൗണ്ടുകളും ഇല്ലായിരുന്നുവെന്ന് മുസ് ലിം ലീഗിന്റെ നേതാക്കളായ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും പറയട്ടെയെന്നും കെ ടി ജലീല്‍ പറഞ്ഞു.താന്‍ ഉണ്ടാക്കി പറഞ്ഞതല്ല.സഹകരണ വിംഗിന്റെ ഇന്‍സ്‌പെക്ഷന്‍ ടീം അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

Tags:    

Similar News