എന്നെ എന്തിനാണ് ശിക്ഷിക്കുന്നത്?- നിരാശ പങ്കുവച്ച് മഥുര ജയിലില്‍ നിന്ന് ഡോ. കഫീല്‍ ഖാന്റെ രണ്ടാമത്തെ കത്ത്
ഭക്ഷണസമയത്ത് ബാരക് തുറക്കുമ്പോഴല്ലാതെ വായുസഞ്ചാരമെത്താത്ത രീതിയിലാണ് തടവുകാര്‍ കഴിയുന്നത്. ഇത്രയധികം തടവുകാരുള്ള ബാരക്കില്‍ സാമൂഹിക അകലം പാലിക്കാതെയുള്ള ജീവിതം കഷ്ട്ടമാണ്.
മഥുര: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി ജയിലടയ്ക്കപ്പെട്ട ഡോ. കഫീല്‍ ഖാന്റെ കത്ത് സഹോദരന്‍ അദീല്‍ ഖാന്‍ പുറത്തുവിട്ടു. ജയിലില്‍ 156 ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ഡോ. കഫീല്‍ ഖാന്‍ തന്റെ ദുരവസ്ഥയും നിരാശയും പങ്കുവച്ചുകൊണ്ടുള്ള കത്തയയ്ക്കുന്നത്. കഫീല്‍ ഖാന്റെ ഇത്തരത്തിലുള്ള രണ്ടാമത്തെ കത്താണ് ഇത്. കൊവിഡ്19 ഭീഷണിയിലും മഥുര ജയിലില്‍ ശേഷിയുടെ ഇരട്ടിയിലധികം തടവുകാര്‍ തിങ്ങിനിറഞ്ഞ ബാരക്കിലാണ് കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
'എന്നെ എന്തിനാണ് ശിക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ മക്കളെയും ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും സഹോദരിയെയും എപ്പോള്‍ കാണാനാകുമെന്ന് എനിക്കറിയില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ, എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൊവിഡ് ഭീഷണിയെ ഞാനും നേരിടേണ്ടതുണ്ട്' - കഫീല്‍ ഖാന്‍ തന്റെ കത്തില്‍ നിരാശയോടെ എഴുതി.
'534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണ്. വെറും നാലോ ആറോ മൂത്രപ്പുരകള്‍ മാത്രം. തിങ്ങിനിറഞ്ഞ ബാരക്കില്‍ എല്ലാ സമയത്തും വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഗന്ധം നിറഞ്ഞുനില്‍ക്കും. ആ ശ്വാസംമുട്ടല്‍ മൂലമുണ്ടാകുന്ന തലകറക്കം കാരണം വീഴുമെന്ന് ചിലപ്പോള്‍ തോന്നും. ഉറങ്ങുമ്പോള്‍ ആരുടെയൊക്കെ കൈകളും കാലുകളും ആരുടെയൊക്കെ ദേഹത്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ലൈറ്റുകള്‍ അണഞ്ഞുകഴിഞ്ഞാല്‍ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചു മണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്തു കുറ്റത്തിന്റെ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?'' ഡോ. കഫീല്‍ ഖാന്‍ ചോദിക്കുന്നു.
കൊറോണ വൈറസ് കാരണം ആര്‍ക്കും പുറത്തു നിന്ന് കാണാന്‍ വരാനാവില്ല. അല്ലാത്തപക്ഷം അവര്‍ തനിക്ക് പഴങ്ങള്‍ കൊണ്ടുവരുമായിരുന്നുവെന്ന് ഡോ. ഖാന്‍ പറയുന്നു. ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'ബാരക്കുകള്‍ അടക്കുമ്പോള്‍ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഗന്ധം നിറഞ്ഞ ചൂടു വായു നിറയും. മൂന്നു മണിയോടെ ബാരക് വീണ്ടും തുറക്കും. കടുത്ത ചൂടില്‍ വെയിലത്ത് ഒട്ടും നില്‍ക്കാന്‍ കഴിയില്ല. ഓരോ നിമിഷവും എണ്ണിക്കൊണ്ട് ഞാന്‍ ചുവരിന്റെ നിഴലില്‍ നില്‍ക്കും. ളുഹര്‍ നമസ്‌കരിക്കും. ആറു മണിയോടെ ബാരക് അടച്ചുകഴിഞ്ഞാല്‍ പിന്നെ വീര്‍പ്പുമുട്ടല്‍ തുടരും. മഗ്രിബ് പ്രാര്‍ത്ഥനകള്‍ക്കുശേഷം, എന്തെങ്കിലും വായിക്കാന്‍ ശ്രമിക്കും, പക്ഷേ, അത്രയധികം വീര്‍പ്പുമുട്ടല്‍ അതിനകത്തുള്ളതുകൊണ്ട് അതിന് കഴിയാറില്ല.'
'ഭക്ഷണസമയത്ത് ബാരക് തുറക്കുമ്പോഴല്ലാതെ വായുസഞ്ചാരമെത്താത്ത രീതിയിലാണ് തടവുകാര്‍ കഴിയുന്നത്. ഇത്രയധികം തടവുകാരുള്ള ബാരക്കില്‍ സാമൂഹിക അകലം പാലിക്കാതെയുള്ള ജീവിതം കഷ്ട്ടമാണ്. ലൈറ്റ് അണയുന്നതോടെ വിയര്‍പ്പു കൊണ്ട് ഉടുപ്പ് നനയും. ഒരു മീന്‍ മാര്‍ക്കറ്റിലേതുപോലുളള ഗന്ധം നിറഞ്ഞുതുടങ്ങും. ചിലര്‍ ചുമക്കുകയാകും, ചിലര്‍ അധോവായു വിടുകയാകും, ചിലര്‍ തര്‍ക്കിക്കുകയാകും, ചിലര്‍ വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ പോകും. ഞാന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിയാകുന്നത് കാത്തിരിക്കും, എപ്പോഴാണ് ഈ നരകത്തില്‍ നിന്ന് ഒന്നു പുറത്തിറങ്ങാന്‍ കഴിയുക എന്ന് ആലോചിക്കും'. ഡോ. കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചതിന്റെ പേരിലാണ് ഡോ. കഫീല്‍ ഖാനെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി യുപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മെയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാന്റെ തടവ് ആഗസ്ത് വരെ നീട്ടിയിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ചില തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കണമെന്ന് സുപ്രിം കോടതി 2020 മാര്‍ച്ച് 23 ന് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് യുപി സര്‍ക്കാര്‍ 17,963 തടവുകാരെ ജൂണില്‍ പരോളില്‍ വിട്ടയച്ചു. എന്നാല്‍ കഫീല്‍ ഖാനെ വിട്ടയച്ചില്ല.
ഡോ. കഫീല്‍ ഖാന്റെ കത്ത്