ക്ലാസ് മുറികള്‍ക്ക് കാവി പൂശുന്നു; കര്‍ണാടക വിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഹിന്ദുത്വവല്‍ക്കരണം

Update: 2022-11-15 10:31 GMT

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ക്ക് കാവി നിറം പൂശുന്നു. കര്‍ണാടക സര്‍ക്കാരിന്റെ 'വിവേക പദ്ധതി'യ്ക്ക് കീഴില്‍ പുതുതായി പണിയുന്ന 7,601 ക്ലാസ് മുറികളാണ് കാവിയണിയുക. വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷാണ് ഇക്കാര്യം അറിയിച്ചത്. സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി നടപ്പാക്കുന്ന 'വിവേക' പദ്ധതിക്ക് കീഴിലാണ് സംസ്ഥാനത്തുടനീളം പുതിയ ക്ലാസ് റൂമുകള്‍ പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ ശിലാസ്ഥാപനം കലബുര്‍ഗിയില്‍ നടന്ന ശിശുദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിച്ചു.

സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്റ് ലിറ്ററസി വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിര്‍മാണോദ്ഘാടനം നടക്കും. അതേസമയം, ക്ലാസ് മുറികള്‍ കാവിയാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെതിരേ പ്രത്യക്ഷ പ്രചാരണ കാംപയിന് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. 'സിഎം അങ്കിള്‍' എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്. ക്ലാസ് മുറികളില്‍ പെയിന്റ് ചെയ്യുന്നതിനുപകരം ആദ്യം കുട്ടികള്‍ക്കായി ടോയ്‌ലറ്റുകള്‍ നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കാംപയിനിലൂടെ കോണ്‍ഗ്രസ് ബൊമ്മെയോട് സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുുണ്ട്. സംസ്ഥാനത്തുടനീളം സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. ശൗചാലയമില്ലാതെ കുട്ടികള്‍ ബുദ്ധിമുട്ടുകയാണ്. മുഖ്യമന്ത്രി അങ്കിള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് കാവി പെയിന്റ് ചെയ്യുന്നതിനുമുമ്പ്, ആദ്യം ടോയ്‌ലറ്റുകള്‍ നിര്‍മിക്കൂ, ശുചിത്വമുള്ള കുടിവെള്ളവും കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്ന സൗകര്യങ്ങളും ഞങ്ങള്‍ക്ക് തരൂ'- പാര്‍ട്ടി ട്വീറ്റ് ചെയ്തു. രാജ്യത്ത് വ്യാവസായിക, ശാസ്ത്ര വിപ്ലവത്തിന് കാരണക്കാരനായ സ്വാമി വിവേകാനന്ദന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'നല്ല പഠിപ്പിക്കലില്ല, ശരിയായ ഉച്ചഭക്ഷണമില്ല, നിങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോവുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് മുട്ട നല്‍കുന്ന പദ്ധതി കൃത്യമായി നടപ്പാക്കുന്നില്ല. മുട്ട വിതരണം ചെയ്യാന്‍ നടപടിയെടുക്കുക, മുട്ട വാങ്ങുന്നതിലും അഴിമതിക്ക് ഇടം നല്‍കരുത്- കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനും മതപരമായ ചേരിതിരവുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് കുറ്റപ്പെടുത്തി.

എന്നാല്‍, വിവേകാനന്ദന്‍ കാവിവസ്ത്രം അണിഞ്ഞ സന്യാസിയായിരുന്നെന്നും അദ്ദേഹത്തിന്റെ പേരിലാണ് 'വിവേക' പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാത്തിനെയും രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ദേശീയപതാകയില്‍ വരെ കാവി നിറമുണ്ട്. കോണ്‍ഗ്രസിന് ആ നിറത്തോട് എന്താണ് ദേഷ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. ക്ലാസ് മുറികള്‍ക്ക് പൊതുനിറമായിരിക്കുമെന്നും വാസ്തുശില്‍പ വിദഗ്ധര്‍ നിര്‍ദേശിച്ചതിനാലാണ് കാവിനിറമെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു.

സംസ്ഥാനത്ത് ഈയടുത്താണ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ധ്യാനം നിര്‍ബന്ധമാക്കിയത്. പ്രൈമറി, ഹൈസ്‌കൂള്‍, 11, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് ധ്യാന ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങുന്നത്. പാഠ്യപദ്ധതിയില്‍ ഹിന്ദുത്വ ആശയങ്ങളുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജൂണിലാണ് പ്രമുഖ എഴുത്തുകാരുടെ അധ്യായങ്ങള്‍ ഒഴിവാക്കി പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ചില തിരുത്തലുകള്‍ വരുത്തിയിരുന്നെങ്കിലും ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ സംബന്ധിച്ചുള്ള അധ്യായമടക്കം ഇപ്പോഴും തുടരുകയാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള പാഠം സര്‍ക്കാര്‍ നീക്കം ചെയ്യില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ വ്യക്തമാക്കുകയായിരുന്നു.

Tags:    

Similar News