കര്‍ണാടക വിശ്വാസ വോട്ടെടുപ്പ്: അടിയന്തിരമായി ഇടപെടാനാവില്ലെന്നു സുപ്രിംകോടതി

Update: 2019-07-22 06:35 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പില്‍ അടിയന്തിരമായി ഇടപെടാനാവില്ലെന്നും നിയമസഭാ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്നും സുപ്രംകോടതി. സര്‍ക്കാരിന്റെ ഭാഗമായിരുന്നവരും ഇപ്പോള്‍ വിമതരുമായ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ അഭിപ്രായം. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ ആവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ ഹരജി നല്‍കിയത്. ഹരജി വീണ്ടും നാളെ പരിഗണിക്കും.

അതേസമയം വിമത എംഎല്‍എമാര്‍ സഭയില്‍ ഹാജരാവണമെന്നു സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ നിര്‍ദേശിച്ചു. നാളെ 11 മണിക്ക് മുമ്പ് വിമതര്‍ ഹാജരാകണമെന്നാണ് സ്പീക്കര്‍ കത്തു നല്‍കിയത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് മുന്നോടിയായാണ് സ്പീക്കറുടെ നടപടി എന്നാണ് വിലയിരുത്തല്‍.

വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ ഇന്നു പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ കെആര്‍ രമേശ് കുമാറിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉറപ്പ് നല്‍കിയിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തെ കുറിച്ച് ഇന്ന് സഭയില്‍ എത്തി വെളിപ്പെടുത്തല്‍ നടത്തണമെന്നു കുമാരസ്വാമി വിമതരോട് ആവശ്യപ്പെട്ടിരുന്നു. വിമത പക്ഷത്തെ എംഎല്‍എമാരെ തിരികെ എത്തിക്കാനാവുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷയെങ്കിലും സര്‍ക്കാരിനു ഭരണം നഷ്ടമാവുമെന്നാണ് കരുതുന്നത്. അതിനിടെ വിശ്വാസ വോട്ടില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് തീരുമാനം മാറ്റി. ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസ വോട്ടില്‍ പങ്കെടുക്കാനുള്ള ബിഎസ്പി എംഎല്‍എയുടെ തീരുമാനം. ജെഡിഎസിന്റെ സഖ്യകക്ഷിയാണ് ബിഎസ്പി. ഇന്നലെ രാത്രിയോടെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നു മായാവതി മഹേഷിനോടു നിര്‍ദേശിച്ചത്.

Tags:    

Similar News