കര്‍ണാടക: സ്പീക്കര്‍ക്കെതിരേ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍

മുംബൈയിലെ ഹോട്ടല്‍ പരിസരത്ത് നിരോധനാജ്ഞ, അറസ്റ്റ് ചെയ്യുമെന്ന് ശിവകുമാറിന് മുന്നറിയിപ്പ്

Update: 2019-07-10 07:21 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യ സര്‍ക്കാരിനെതിരായ നീക്കം ശക്തിപ്പെടുത്തി വിമത എംഎല്‍എമാര്‍. രാജിക്കത്ത് സ്വീകരിക്കാത്ത സ്പീക്കര്‍ കെ കെ രമേശ്കുമാറിന്റെ നടപടി ചോദ്യംചെയ്ത് വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. 14 എംഎല്‍എമാരുടെ രാജിക്കത്തില്‍ പാകപ്പിഴയുണ്ടെന്നു പറഞ്ഞ് സ്പീക്കര്‍ നിരസിച്ചിരുന്നു. ഇതില്‍ 10 എംഎല്‍എമാരാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ, വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനും പരിസരത്തും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. റിനൈന്‍സന്‍സ് ഹോട്ടലിലും കെട്ടിടം സ്ഥിതി ചെയ്യുന്ന പൊവെയ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് ജൂലൈ ഒമ്പത് മുതല്‍ 12 വരെ സെക്്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

    


ഇതനുസരിച്ച് നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് കൂട്ടംകൂടി നില്‍ക്കരുത്. ജനജീവിതത്തിനും സമാധാനാന്തരീക്ഷത്തിനും തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്നാണ് പോലിസ് വാദം. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്നുണ്ടായ നാടകീയ രംഗങ്ങള്‍ക്കിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഗോബാക്ക് വിളിക്കുകയും ചെയ്തിരുന്നു. മറുവശത്ത് ശിവകുമാറിന് പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വഷളായേക്കുമെന്നു കരുതിയാണ് പോലിസ് കടുത്ത നടപടികളിലേക്കു നീങ്ങുന്നതെന്നാണു സൂചന. മാത്രമല്ല, ഡി കെ ശിവകുമാറിനോട് തിരികെ പോവാന്‍ ആവശ്യപ്പെട്ട പോലിസ് അനുസരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കുകയും ചെയ്തു. അതിനിടെ, ഹോട്ടല്‍ അധികൃതര്‍ ശിവകുമാറിന്റെ മുറിയുടെ ബുക്കിങ് റദ്ദാക്കി. ചില അടിയന്തിര കാരണങ്ങളാല്‍ താങ്കളുടെ മുറിയുടെ ബുക്കിങ് റദ്ദാക്കിയെന്നു കാണിച്ച് ഹോട്ടല്‍ അധികൃതര്‍ ശിവകുമാറിന് ഇമെയില്‍ അയച്ചു.



 

എന്നാല്‍, എംഎല്‍മാരെ കാണാതെ തിരിച്ചുപോവില്ലെന്ന നിലപാടില്‍ ശിവകുമാര്‍ ഉറച്ചുനില്‍ക്കുകയാണ്.

    



 

അതേസമയം, ഇന്നു വൈകീട്ട് മൂന്നുമണിക്ക് സ്പീക്കറെ കാണുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരിയപ്പ വിധാന്‍ സൗധയില്‍ ബിജെപി എംഎല്‍എമാര്‍ നടത്തിയ ധര്‍ണയില്‍ പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമി ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News