2024ല്‍ എന്‍ഡിഎയെ തറപറ്റിക്കാന്‍ തന്ത്രങ്ങളുമായി കെസിആര്‍; ആപ്പും തൃണമൂലും എസ്പിയും മൂന്നാം മുന്നണിയിലെത്തുമോ?
മൂന്നാംമുന്നണി കെട്ടിപ്പടുത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ തറപറ്റിക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. ഉടന്‍ തന്നെ ഒരു മൂന്നാം മുന്നണി ഉണ്ടാകുമെന്ന സൂചനയും കെസിആര്‍ നല്‍കിക്കഴിഞ്ഞു.
തെലങ്കാന: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനെ കെട്ടുകെട്ടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മൂന്നാംമുന്നണി കെട്ടിപ്പടുത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ തറപറ്റിക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. ഉടന്‍ തന്നെ ഒരു മൂന്നാം മുന്നണി ഉണ്ടാകുമെന്ന സൂചനയും കെസിആര്‍ നല്‍കിക്കഴിഞ്ഞു.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള പദ്ധതികളും കെസിആര്‍ അണിയറയില്‍ തയ്യാറാക്കുന്നുണെന്നാണ് സൂചന. കെസിആര്‍ ദേവഗൗഡയേയും എച്ച്ഡി കുമാര സ്വാമിയേയും സന്ദര്‍ശിച്ചതിന് പിന്നില്‍ മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഉടന്‍ തന്നെ ഒരു സെന്‍സേഷണല്‍ വാര്‍ത്ത കേള്‍ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'താന്‍ ദേവഗൗഡയുമായും എച്ച്ഡി കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തി.തങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്തു. ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാകും, അത് ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യ മാറും... ഇന്ത്യ മാറണം. രാജ്യത്തിന്റെ അവസ്ഥ മാറ്റാന്‍, നമ്മള്‍ എല്ലാ ശ്രമങ്ങളും നടത്തണം' അദ്ദേഹം പറഞ്ഞു.
മാസങ്ങള്‍ക്കകം സെന്‍സേഷണല്‍ വാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് മൂന്നാം മുന്നണിക്കുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്.
സമാനചിന്താഗതിയുള്ള പ്രദേശിക പാര്‍ട്ടികളെ ഒന്നിച്ച് ചേര്‍ത്ത് മുന്നണി ഉണ്ടാക്കാനാണ് പദ്ധതി.
എഎപി, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് കെസിആര്‍ നല്‍കുന്ന സൂചനകള്‍. ദേവഗൗഡയുമായും എച്ച്ഡി കുമാര സ്വാമിയുമായും കെസിആര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മൂന്നാം മുന്നണിയുടെ തലപ്പത്തേക്ക് ദേവ ഗൗഡയെ കൊണ്ടുവരുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പും വിഷയമായി എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് രണ്ടോ മൂന്നോ മണിക്കൂറോളം റാവു ഗൗഡയുമായി ചര്‍ച്ച നടത്തിയെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒന്നു രണ്ടു മാസത്തിനകം നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത തരാന്‍ കഴിയുമെന്നും കുമാരസ്വാമി പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികള്‍ കൈകോര്‍ത്താല്‍ ബിജെപിയെ പിടിച്ചുകെട്ടാനാവുമെന്നാണ് അദ്ദേഹം കരുതുന്നത്.എല്ലാ പ്രാദേശിക പാര്‍ട്ടികളോടും ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കി ഒരു 'പൊതു വേദിയിലേക്ക്' വരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.അതേസമയം, കെസിആറിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി രംഗത്തുവന്നിരുന്നു. തെലങ്കാന സന്ദര്‍ശനത്തിന് പ്രധാനമന്ത്രിയെത്തിയപ്പോള്‍ എച്ച് ഡി ദേവഗൗഡയേയും മകന്‍ എച്ച്ഡി കുമാരസ്വാമിയേയും സന്ദര്‍ശിക്കാന്‍ പോയ ചന്ദ്രശേഖര റാവുവിന്റെ നിലപാടിനേയാണ് മോദി വിമര്‍ശിച്ചത്.