താരതമ്യേന പുതിയ ജില്ലയായ പത്തനംതിട്ടയില്‍ കോന്നി ഉള്‍പ്പടെ അഞ്ച് നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. പലതുകൊണ്ടും ശ്രദ്ധേയമായ മണ്ഡലമാണ് കോന്നി. കേരള രാഷ്ട്രീയത്തിന്റെ ഒരു മാതൃക നമുക്ക് കോന്നി മണ്ഡലത്തില്‍ കാണാന്‍ കഴിയും. ഒരു ജില്ലയെന്ന നിലയില്‍ കോന്നി ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ 2011 തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. അന്ന് മൂന്ന് സീറ്റാണ് അവര്‍ നേടിയത്. യുഡിഎഫ് രണ്ട് സീറ്റും കരസ്ഥമാക്കി. അടുത്ത തിരഞ്ഞെടുപ്പായ 2016ല്‍ എല്‍ഡിഎഫ് സീറ്റിന്റെ എണ്ണം നാലായി വര്‍ധിപ്പിച്ചു. 2019ല്‍ അടൂര്‍ പ്രകാശ് രാജിവച്ചുപോയ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പോടെ പത്തംതിട്ട ജില്ലയില്‍ മുഴുവന്‍ മണ്ഡലവും എല്‍ഡിഎഫിന്റെ കയ്യിലായി. നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.
അതേസമയം വോട്ടുവിഹിതത്തിന്റെ പ്രവണത മറ്റൊരു തലത്തിലാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 46.44 ശതമാനം വോട്ട് എല്‍ഡിഎഫും 45.87 ശതമാനം വോട്ട് യുഡിഎഫും നേടി. ആ വര്‍ഷം 5.78 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അതായത് 2016ല്‍ എല്‍ഡിഎഫിന്റെ വോട്ട് 42 ശതമാനമായി കുറഞ്ഞു. യുഡിഎഫ് വിഹിതം 37.54 ശതമാനത്തിലേക്കും താഴ്ന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടികളുടെയും മുന്നണികളുടെയും വോട്ട് വിഹിതം പരിശോധിച്ചാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ബിജെപിയാണെന്ന് കാണാം. 2011ല്‍ വോട്ട് വിഹിതം 5.78 ശതമാനമായിരുന്നത് 2016ല്‍ 19.09 ശതമാനമായി വര്‍ധിച്ചു.
പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണയായി യുഡിഎഫിനെയാണ് വോട്ടര്‍മാര്‍ തുണച്ചത്. 2009ലും 2014ലും 2019ലും കോണ്‍ഗ്രസ്സിലെ ആന്റോ ആന്റണി മോശമല്ലാത്ത ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും വോട്ട് വിഹിതം കുറയുന്ന പ്രവണത ദൃശ്യമാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് 32.80 ശതമാനം വോട്ടാണ് ലഭിച്ചത്. 2014ല്‍ അത് 41.19 ശതമാനവും അതിനു മുമ്പ് 51.21 ശതമാനവുമായിരുന്നു. രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് 28.97 ശതമാനമാണ് അവസാന തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2014ല്‍ സ്ഥിതി അതിനേക്കാള്‍ മെച്ചമായിരുന്നു, 34ശതമാനം. അതിന് മുന്‍ തിരഞ്ഞെടുപ്പില്‍ 37 ശതമാനമുണ്ടായിരുന്നു. ഇവിടെയും ബിജെപിയാണ് നേട്ടം കൊയ്തത്. ബിജെപിക്ക് 2009ല്‍ നിന്ന് 2019ലെത്തുമ്പോള്‍ വോട്ട് വിഹിതം 7ല്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചു.
ഏറ്റവും അവസാനം നടന്ന 2020ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ചെറിയ മുന്‍തൂക്കം എല്‍ഡിഎഫിനായിരുന്നു. എന്‍ഡിഎ നാല് പഞ്ചായത്തില്‍ ഭരണത്തിലുണ്ട്. ഇതാണ് ജില്ലയിലെ പൊതു പശ്ചാത്തലം. കോന്നി ഇതിന് അപവാദമല്ല.
കോന്നി നിയോജക മണ്ഡലത്തില്‍ ആറ് പേരാണ് മല്‍സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു.ജനീഷ് കുമാറും യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററും ജനവിധി തേടുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇവിടെ നിന്ന് മല്‍സരിക്കുന്ന മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രഘു പി, അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സുകു ബാലന്‍, സ്വതന്ത്രനായി മനോഹരനും മല്‍സരിക്കുന്നു. ബിജെപി നേതാവ് സുരേന്ദ്രന്റെയും അവസാന തിരഞ്ഞെടുപ്പില്‍ അടൂര്‍പ്രകാശ് ജയിച്ച സീറ്റില്‍ വിജയിച്ചു കയറിയ ജനീഷ് കുമാറുമാണ് ഈ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.
കോന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , ധധവള്ളിക്കോട് ഗ്രാമപഞ്ചായത്ത്, പചിറ്റാര്‍, സീതത്തോട് കലഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളും അടൂര്‍ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം. 1965ല്‍ നിലവില്‍ വന്ന കോന്നി നിയമസഭാ മണ്ഡലത്തില്‍ 1,97,956 വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്സിന് മേല്‍ക്കൈയുണ്ടെങ്കിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതില്‍ ഈ മണ്ഡലം ഇതുവരെ മടികാണിച്ചിട്ടില്ല. ദീര്‍ഘകാലം അടൂര്‍പ്രകാശ് പ്രതിനിധീകരിച്ച ഈ മണ്ഡലം അദ്ദേഹം ലോക്‌സഭാ അംഗമായതിനെത്തുടര്‍ന്ന് ഒഴിവു വരികയും ഉപതിരഞ്ഞെടുപ്പില്‍ ജിനേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ പി മോഹന്‍രാജിനെയാണ് അദ്ദേഹം പതിനായിരത്തില്‍ത്താഴെ വോട്ടിന് പരാജയപ്പെടുത്തിയത്. 1996 മുതല്‍ 5 തവണ അടൂര്‍ പ്രകാശ് കയ്യില്‍വച്ചനുഭവിച്ച ഈ മണ്ഡലം അദ്ദേഹം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസ്സിന് കൈവിട്ടുപോയത്. കഴിഞ്ഞ തവണ ജിനേഷ് കുമാര്‍ രചിച്ച ചരിത്രം ഇത്തവണ ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫിനാകുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. അതേ ജിനേഷ് കുമാര്‍ തന്നെയാണ് ഇവിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.
70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2019ല്‍ ജനീഷ് കുമാര്‍ ജയിച്ചത്. ജനീഷ് 54,099വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ മോഹന്‍രാജ് 44,146 വോട്ട് നേടി. നേരത്തെ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അടൂര്‍ പ്രകാശിന് 72,800 വോട്ടുണ്ടായിരുന്നു. അതും മറികടന്നാണ് ജനീഷ് കുമാര്‍ തന്റെ ഭൂരിപക്ഷം 9953ല്‍ എത്തിച്ചത്. സുരേന്ദ്രനായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്കുവേണ്ടി മത്സരിച്ചത്. അദ്ദേഹം 39,786 വോട്ടാണ് ഇവിടെ പിടിച്ചത്.
അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന് ഈ മണ്ഡലത്തില്‍ 2721 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഇത്തവണ പ്രസക്തമാണ്. അതേസമയം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് 45,506 വോട്ട് സുരേന്ദ്രന് കിട്ടിയെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ വോട്ട് 39,786 ആയി കുറഞ്ഞു. ഇത് 2016നേക്കാള്‍ കൂടുതലായിരുന്നുവെന്നു മാത്രം. അന്ന് 16,713വോട്ടാണ് എന്‍ഡിഎയ്ക്ക് കിട്ടിയത്. ചുരുക്കത്തില്‍ നാല് വര്‍ഷം കൊണ്ട് കോന്നിയില്‍ എന്‍ഡിഎയ്ക്ക് ഇരട്ടിയില്‍ കൂടുതല്‍ നേട്ടമുണ്ടായി.
വോട്ടുവിഹിതം കുറഞ്ഞുവരുന്ന യുഡിഎഫ്, എല്‍ഡിഎഫിന്റെ ജിനേഷ് കുമാര്‍ സൃഷ്ടിച്ച അട്ടിമറി വിജയം, പിന്തുണ ആര്‍ജിച്ചുവരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന്റെ സാന്നിധ്യം, ശബരിമല വിവാദം, കിറ്റും ക്ഷേമപെന്‍ഷനും പിണറായി സര്‍ക്കാരിനു നേടിക്കൊടുത്ത ജനപ്രീതി, പോലിസിനെ നിയന്ത്രിക്കുന്നതില്‍ പറ്റിയ വീഴ്ച, മുസ് ലിം സമൂഹവുമായുളള ബന്ധം ഇതൊക്കെ ചര്‍ച്ചയാവാന്‍ സാധ്യതയുള്ള മണ്ഡലമാണ് ഇത്.
ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിത്തര്‍ക്കം, ക്രിസ്ത്യാന്‍ സഭകളുടെ നിലപാടുകള്‍, എന്‍എസ്എസ് പോലുള്ള സമുദായ സംഘടനകളുടെ നിലപാടുകള്‍ തുടങ്ങിയവ ഈ മണ്ഡലത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഇതൊക്കെ മറികടന്ന് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച മുന്‍തൂക്കം ഇനിയും ആവര്‍ത്തിക്കാനാവുമോ എന്നും ഇതിനിടയില്‍ ബിജെപി എന്തുനേട്ടമായിരിക്കും കൊയ്യുക എന്നുമൊക്കെയാണ് ഇനി അറിയാനുള്ളത്.