അടിസ്ഥാനസൗകര്യമില്ല; കോന്നി മെഡിക്കല്‍ കോളജിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് കോളജ് പ്രിന്‍സിപ്പലിന് കത്തയച്ചത്. കോളജിനാവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെഡിക്കല്‍ കോളജ് ഇനിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവാത്തതിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
2022-23 അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആലോചന. ഇതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ആവശ്യം തള്ളിക്കൊണ്ടാണ് മെഡിക്കല്‍ കമ്മീഷന്‍ കോളജിന്റെ പ്രവര്‍ത്തനാനുമതി തടഞ്ഞത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. വലിയ കെട്ടിടങ്ങള്‍ പണിതത് അല്ലാതെ മറ്റ് സംവിധാനങ്ങളൊന്നുമൊരുക്കിയിട്ടില്ലന്നും മെഡിക്കല്‍ കമ്മീഷന്‍ പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ പറയുന്നു.
പോരായ്മകള്‍ പരിഹരിച്ചാല്‍ വീണ്ടും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2013ലാണ് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലയിലുള്ളവര്‍ക്കായി വിഭാവനം ചെയ്ത കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂര്‍ത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാനായില്ല. 2020 സപ്തംബര്‍ 14നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചത്. കോടികള്‍ മുടക്കി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത നിലയിലാണ് ആശുപത്രി.
വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അപേക്ഷ തുടര്‍ച്ചയായി തള്ളുകയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. കോളജിനുള്ളിലെ ഹോസ്റ്റല്‍ നിര്‍മാണം പാതിവഴിയിലാണ്. 330 കിടക്കകള്‍ വേണ്ടിടത്ത് നിലവിലുള്ളത് 290 എണ്ണം. ലബോറട്ടറികള്‍ ഒന്നും സജ്ജമല്ല. ഒപി മുതല്‍ മേജര്‍ ഓപറേഷന്‍ തിയേറ്റര്‍ വരെ ഉടന്‍ സജീകരിക്കുമെന്നായിരുന്നു അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്.
എന്നാല്‍, കൊല്ലം രണ്ടായിട്ടും ഒപി അല്ലാതെ മറ്റ് ചികില്‍സാസൗകര്യങ്ങളില്ല. അത്യാഹിത വിഭാഗം പേരിന് മാത്രമാണ്. കിടത്തി ചികില്‍സ തുടങ്ങിയെങ്കിലും അനുബന്ധ പരിശോധനാ സൗകര്യങ്ങളില്ലാത്തതിനാല്‍ ആളുകളെത്തുന്നില്ല. 394 ജീവനക്കാര്‍ തസ്തിക സൃഷ്ടിച്ചു. നിയമനം നല്‍കിയത് 258 പേര്‍ക്ക്. ശസ്ത്രക്രിയ സൗകര്യങ്ങളില്ല. പലപ്പോഴും ഫാര്‍മസിയില്‍ അത്യാവശ്യ മരുന്നുകളുടെ കുറവുമുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്.