പത്തനാപുരത്തെയും കോന്നിയിലെയും സ്‌ഫോടക വസ്തുശേഖരം: കള്ളപ്പണത്തില്‍ നിന്ന് 'അജണ്ട മാറ്റാനുള്ള' സംഘപരിവാര ഗുഢാലോചനയെന്ന സംശയം ബലപ്പെടുന്നു
മുന്‍കാലങ്ങളിലും സംഘപരിവാരം പ്രതിക്കൂട്ടിലാവുമ്പോള്‍ ദേശീയതലത്തില്‍ തന്നെ സ്‌ഫോടന-ആയുധക്കടത്ത് കഥകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇതിനു സമാനമായ രീതിയിലാണ് ഇപ്പോള്‍ പത്തനാപുരത്തും കോന്നിയിലും നടന്നതെന്നും സംശയമുയരുന്നുണ്ട്.
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കും കള്ളപ്പണം-കോഴ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെ 'അജണ്ട മാറ്റാനുള്ള' ബിജെപി ഗൂഢാലോചനയാണ് പത്തനാപുരത്തും കോന്നിയിലും സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയതിനു പിന്നിലെന്ന സംശയം ബലപ്പെടുന്നു. പത്തനാപുരത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ സ്‌ഫോടകവസ്തു ശേഖരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സ്ഥലത്തെത്തിയതാണ് സംഘപരിവാരബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ നിന്നെത്തിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കവര്‍ച്ച ചെയ്തതും മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ പിന്‍മാറ്റാന്‍ വേണ്ടി കോഴ നല്‍കിയതും സി കെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയെന്നുമുള്ള പോലിസ് കണ്ടെത്തലും വെളിപ്പെടുത്തലുകളും കാരണം ബിജെപി പ്രതിക്കൂട്ടിലാണ്. മുന്‍കാലങ്ങളിലും സംഘപരിവാരം പ്രതിക്കൂട്ടിലാവുമ്പോള്‍ ദേശീയതലത്തില്‍ തന്നെ സ്‌ഫോടന-ആയുധക്കടത്ത് കഥകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇതിനു സമാനമായ രീതിയിലാണ് ഇപ്പോള്‍ പത്തനാപുരത്തും കോന്നിയിലും നടന്നതെന്നും സംശയമുയരുന്നുണ്ട്.
400 കോടിയുടെ കള്ളപ്പണമാണ് കേരളത്തിലെത്തിച്ചതെന്നു പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊടകരയില്‍ ചില നേതാക്കളുടെ അറിവോടെ കള്ളപ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതയും കത്തിക്കുത്തും വരെ ഉണ്ടായിരുന്നു. കള്ളപ്പണത്തിനു പിന്നില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ അന്വേഷണം നീളുകയാണെന്ന് തിരിച്ചറിഞ്ഞ്, രാഷ്ട്രീയത്തിലെ 'അജണ്ട' മാറ്റാന്‍ കൈയിലുള്ള 'ആയുധം' ഉപയോഗിക്കണമെന്ന് ക്ലബ് ഹൗസിലെ ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന നേതാവ് തന്നെ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പത്തനാപുരത്തും കോന്നിയിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇതിനേക്കാള്‍ ദുരൂഹതയുയര്‍ത്തുന്നതാണ് പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകരുടെ ഇടപെടല്‍. പത്തനാപുരത്ത് കശുമാവിന്‍ തോട്ടത്തില്‍ രണ്ടു ജലാറ്റിന്‍ സ്റ്റിക്കുകള്‍, ആറു ബാറ്ററികള്‍, വയറുകള്‍, പശ എന്നിവ കണ്ടെടുത്ത സംഭവം മാധ്യമങ്ങള്‍ക്കു മുമ്പേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. മഞ്ചേശ്വരത്തിനു പുറമെ കെ സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയില്‍ കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. കുറഞ്ഞ കാലത്തിനിടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഉള്‍പ്പെടെ വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടിയപ്പോള്‍ പോലും കാര്യമായി പ്രതികരിക്കാതിരുന്ന ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം പത്തനാപുരത്ത് പൊടുന്നനെ കൂട്ടത്തോടെ എത്തിയതിലും ദുരൂഹതയുണ്ട്.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തില്‍ പാടം വനമേഖലയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘപരിവാര നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇത്തരത്തില്‍ വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നേതാക്കളോട് പറഞ്ഞപ്പോഴും എം ടി രമേശ് ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കയറുകയായിരുന്നു. എന്‍ ഐഎയും മുപ്പതംഗ പോലിസ് സംഘവും വനം വകുപ്പ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമെല്ലാം ഉള്‍വനത്തില്‍ പരിശോധന നടത്തുന്നുണ്ട്. 10.6 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിനിടെ, സംഭവത്തെ മുസ് ലിംകളിലേക്ക് കെട്ടിവയ്ക്കാന്‍ സംഘപരിവാര നേതാക്കള്‍ ശ്രമിച്ചതും ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍ തന്നെ ഇതിനെതുരേ രംഗത്തെത്തുകയും യാതൊരു വിധ സാമുദായികപ്രശ്‌നങ്ങളുമില്ലാത്ത നാടിനെ അപമാനിക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
നേരത്തേ കോഴിക്കോട് ട്രെയിനില്‍ നിന്നു 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റോണേറ്ററുകളും കണ്ടെടുത്ത സംഭവത്തിലെ സംഘപരിവാര മൗനം ചര്‍ച്ചയായിരുന്നു. ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്ന പ്രതി രമണിക്കു പുറമെ സ്‌ഫോടക വസ്തുക്കള്‍ നല്‍കിയ സേലം ശങ്കരാപുരം സ്വദേശി സിലമ്പരശനും അറസ്റ്റിലായെങ്കിലും തുടരന്വേഷണം മരവിക്കുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം പാലത്തിന് സമീപം കുഴിബോംബുകളും എസ്എല്‍ആര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന വന്‍ വെടിയുണ്ട ശേഖരവും കണ്ടെത്തിയ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
സൈനിക ടാങ്ക് ചതുപ്പില്‍ താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം ഷീറ്റിനൊപ്പമായിരുന്നു കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നത്. ഇതിനു പിന്നാലെ 7.62 തോക്കുകളില്‍ ഉപയോഗിക്കുന്ന അഞ്ഞൂറോളം വെടിയുണ്ടകള്‍, ആറ് പള്‍സ് ജനറേറ്റര്‍, രണ്ട് ട്യൂബ് ലോഞ്ചര്‍, നാല് കേബിള്‍ കണക്ടര്‍, ഉപയോഗിച്ച 45ഓളം വെടിയുണ്ടകളുടെ ഭാഗം എന്നിവ കണ്ടെടുത്തതിനെ കുറിച്ച് മിലിറ്ററി ഇന്റലിജന്‍സ് ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. കേന്ദ്രസര്‍ക്കാരിലും സൈന്യത്തിലും സ്വാധീനമുള്ളവരാണ് ഇതിനെല്ലാം പിന്നിലെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി കാരണം സംസ്ഥാനത്ത് ബിജെപിക്ക് വീണ്ടും അടിതെറ്റിയത്. കൂനിന്‍മേല്‍ കുരു പോലെ കോഴക്കേസും കള്ളപ്പണവും കൂടിയായതോടെ 'അജണ്ട മാറ്റിയില്ലെങ്കില്‍' ഇല്ലാതാവുമെന്ന നേതാക്കളുടെ ആഹ്വാനപ്രകാരമാണ് പത്തനാപുരം, കോന്നി സംഭവങ്ങളെന്നാണ് സംശയം ബലപ്പെടുന്നത്.
Explosives at Pathanapuram and Konni: Sangh Parivar's conspiracy of 'change the agenda' from black money..?