പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് വെല്ലുവിളിയാണെന്ന് അറിഞ്ഞുകൊണ്ട്; കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും-വി ഡി സതീശന്‍
വര്‍ഗ്ഗീയതയെ കുഴിച്ചു മൂടുകയെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ പരിഗണന.കേരളത്തിലെ ജനങ്ങളുടെ മനസില്‍ പരിഭ്രാന്തിയുണ്ടാക്കി വര്‍ഗീയതയുണ്ടാക്കാനുളള സംഘപരിവാര ശക്തികളുടെ ശ്രമങ്ങളെ പറിച്ചെറിയുന്നതിനായി യുഡിഎഫ് മുന്‍പന്തിയിലുണ്ടായിരിക്കും.67 ലേതിനു അടുത്തു നില്‍ക്കുന്ന പരാജയമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരിക്കന്നത്.പ്രതിപക്ഷപ്രവര്‍ത്തനത്തിന്റെ പരമ്പരാഗതമായുള്ള ചില സമീപനങ്ങള്‍ക്ക് മാറ്റമുണ്ടാകണം
കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് വെല്ലുവിളിയാണെന്ന തികഞ്ഞ ബോധ്യത്തോടെയാണെന്നും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. എറണാകുളം ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതൊരു പുഷ്പ കിരീടമല്ലെന്ന കൃത്യമായ ബോധ്യം തനിക്കുണ്ട്.സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയു തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരുടെയും പിന്തുണയോടെ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നത്.ഇതിനായുള്ള കഠിനാധ്വനത്തിന്റെ നാളുകളായിരിക്കും ഇനിയുള്ളത്.
67 ലേതിനു അടുത്തു നില്‍ക്കുന്ന പരാജയമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരിക്കന്നത്.പ്രതിപക്ഷപ്രവര്‍ത്തനത്തില്‍ പരമ്പരാഗതമായുള്ള ചില സമീപനങ്ങള്‍ക്ക് മാറ്റമുണ്ടാകണം.അത് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും.കാലം ആഗ്രഹിക്കുന്ന തരത്തില്‍ സമീപനത്തിലും പ്രവര്‍ത്തനത്തിലും മാറ്റം അനിവാര്യമാണ്. പൊതുസമൂഹം ആഗ്രഹിക്കുന്ന വിധത്തില്‍ മാറ്റമുണ്ടാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
സംഘപരിവാരം അടക്കമുള്ള വര്‍ഗ്ഗീയതയെ കേരളത്തില്‍ നിന്നും തുടച്ചു നിക്കൂന്നതിനുള്ള പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസും യുഡിഎഫും മുന്നിലുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.വര്‍ഗ്ഗീയതയെ കുഴിച്ചു മൂടുകയെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ പരിഗണന.വര്‍ഗ്ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരമായിരിക്കും നടത്തുക. കേരളത്തിലെ ജനങ്ങളുടെ മനസില്‍ പരിഭ്രാന്തിയുണ്ടാക്കി വര്‍ഗീയതയുണ്ടാക്കാനുളള സംഘപരിവാര ശക്തികളുടെ ശ്രമങ്ങളെ പറിച്ചെറിയുന്നതിനായി യുഡിഎഫ് മുന്‍പന്തിയിലുണ്ടായിരിക്കും.കേരളത്തിലെ ഭുരിഭാഗവും ജനങ്ങളും മതേതര വിശ്വാസികളാണ് മതേതരത്വം സംരക്ഷിക്കുന്നതിനായി വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളായിരിക്കും കോണ്‍ഗ്രസും യുഡിഎഫും നടത്തുക.ഭൂരിപക്ഷ വര്‍ഗ്ഗീയതയായാലും ന്യൂനപക്ഷ വര്‍ഗ്ഗീയതയായാലും അതിനെ ചെറുക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വി ഡി സതീശന്‍ പറഞ്ഞു.
കെ കരുണാകരന്‍,എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പാത പിന്തുടര്‍ന്നുകൊണ്ട് കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും കോണ്‍ഗ്രസും യുഡിഎഫും നടത്തുക.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ജേഷ്ഠ സഹോദരനാണ്.അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തിന് യാതൊരു കോട്ടവും വരുത്തില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.പ്രതിപക്ഷപ്രവര്‍ത്തനത്തില്‍ കാലവും പൊതുസമൂഹവും ആവശ്യപ്പെടുന്നവിധത്തിലുള്ള മാറ്റങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കും.
പ്രവര്‍ത്തകരില്‍ ആത്മവിശാസം വര്‍ധിപ്പിക്കും.കോണ്‍ഗ്രസിന്റെ കരുത്തുറ്റ ഒരു രണ്ടാം നിരയെ മുന്നോട്ടു കൊണ്ടുവരുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.താന്‍ ഗ്രൂപ്പിനതീതനായിരുന്നുവെന്ന് പറയുന്നില്ല.പക്ഷേ ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാകാന്‍ പാടില്ല. ഗ്രൂപ്പ് പ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ല.നേതൃത്വം അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ യാതൊരു പ്രയോജനവുമുണ്ടാകില്ല. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ദൈവവിശ്വാസികള്‍ ദൈവത്തെ ഭയപ്പെടുന്നതുപോലെ ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളെ ഭയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനുണ്ടായ പരാജയ കാരണം സംബന്ധിച്ച് വിശദമായ ഒരു വിലയിരുത്തല്‍ ഇതുവരെ നടത്തിയിട്ടില്ല. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് ഇത് പ്രാഥമികമായി വിലയിരുത്തും.കൂടാതെ എല്ലാ സ്ഥാനാഥികള്‍,കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവരില്‍ നിന്നും റിപോര്‍ട്ട് ശേഖരിച്ച് വിശദമായ ചര്‍ച്ച നടത്തി ഒരോ നിയോജകമണ്ഡലത്തിലെയും പരാജയ കാരണങ്ങള്‍ വിലയിരുത്തും.ഇതിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും പ്രതിപക്ഷത്തിന്റെ മുന്നോട്ടുളള പ്രവര്‍ത്തനത്തിന് രൂപം കൊടുക്കുക.പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി ആരാഞ്ഞായിരിക്കും മുന്നോട്ടു പോകുക.
ജനങ്ങള്‍ അംഗീകാരം നല്‍കി അധികാരത്തിലെത്തിച്ച സര്‍ക്കാരിനെ വെല്ലുവിളിച്ച് ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി.കൊവിഡ് മഹാമാരിയെ നേരിടാനുളള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനത്തിനും നിരുപാധിക പിന്തുണയുമായി പ്രതിപക്ഷം ഉണ്ടാകും.തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രതിപക്ഷം നിയമസഭയ്ക്ക് അകതത്തും പുറത്തും ഉണ്ടാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.