കെവിന്‍ കൊലക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്. വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കാണേണ്ടിവരുമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു.
കോട്ടയം: കെവിന്‍ കൊലക്കേസില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്. വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കാണേണ്ടിവരുമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. വാദത്തിനിടെ പ്രതികള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. വികാരാധീനനായി ബൈബിള്‍ വചനങ്ങള്‍ അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്.
പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതികളെ അശ്രയിച്ച് കഴിയുന്ന കുടുംബമുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതൊരു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണകാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25 വര്‍ഷംവരെ തടവുശിക്ഷ വിധിക്കാന്‍ പാടുള്ളു. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. അതിനാല്‍, പരമാവധി ശിക്ഷ വിധിക്കരുത്. പ്രതികള്‍ക്ക് ജീവിക്കുന്നതിനും തെറ്റുതിരുത്താനുമുള്ള അവസരം നല്‍കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പക്ഷേ, കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്. പ്രതികള്‍ക്ക് പറയാനുള്ളതും കോടതി കേട്ടു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പേരെയാണ് കുറ്റക്കാരെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്.
നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.