കോടതിയിലെ വികാരപ്രകടനം പ്രതികളുടെ തന്ത്രം: കെവിന്റെ പിതാവ്
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പ്രതികരിച്ചു.
കോട്ടയം: കുറ്റക്കാരായി കണ്ടെത്തിയതോടെ ശിക്ഷ കുറയ്ക്കാനുള്ള പ്രതികളുടെ തന്ത്രമാണ് കോടതിയിലെ വികാരപ്രകടനമെന്ന് കെവിന്റെ പിതാവ് ജോസഫ്. വിചാരണവേളയില്‍ പ്രതികള്‍ പെരുമാറിയിരുന്നത് ഇതുപോലെയായിരുന്നില്ല. അവരുടെ സ്വഭാവും ഇതുപോലെയായിരുന്നില്ല. കോടതിക്ക് ഇത് ബോധ്യമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പ്രതികരിച്ചു. കെവിന്‍ കേസിലെ വാദത്തിനിടെ പ്രതികള്‍ കോട്ടയം സെഷന്‍സ് കോടതിയിലെ മുറിയില്‍ പൊട്ടിക്കരഞ്ഞിരുന്നു.
ശിക്ഷ ഇളവുചെയ്യണമെന്നും തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബമുണ്ടെന്നും മാതാപിതാക്കള്‍ക്ക് പ്രായമായെന്നും ശിക്ഷ വിധിക്കുമ്പോള്‍ ഇതെല്ലാം പരിഗണിക്കണമെന്നുമാണ് പ്രതികള്‍ പ്രധാനമായും പറഞ്ഞത്. വികാരാധീനനായി ബൈബിള്‍ വചനങ്ങള്‍ അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. വധശിക്ഷയില്‍നിന്ന് പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.