രാമനവമി സംഘര്‍ഷം; ഖാര്‍ഗോണില്‍ ഈദ് ദിനത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു പ്രഖ്യാപിച്ചു

ഈദിന് പുറമെ അംബേദ്കര്‍ ജന്മദിനം, മഹാവീര്‍ ജയന്തി,ഹനുമാന്‍ ജയന്തി,ദു:ഖ വെള്ളി,അക്ഷയ തൃതീയ, പരശുരാമ ജയന്തി എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Update: 2022-05-01 09:17 GMT

ഖാര്‍ഗോണ്‍: മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയ്ക്കിടേ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈദ് ദിനത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ജില്ലാ ഭരണകൂടം.ഈദ് ആഘോഷിക്കാന്‍ സാധ്യതയുള്ള മെയ് രണ്ട്, മൂന്ന് തിയതികളില്‍ ഖാര്‍ഗോണില്‍ സമ്പൂര്‍ണ കര്‍ഫ്യു ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആക്രമസംഭവങ്ങളെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഈദിന് പുറമെ അംബേദ്കര്‍ ജന്മദിനം, മഹാവീര്‍ ജയന്തി,ഹനുമാന്‍ ജയന്തി,ദു:ഖ വെള്ളി,അക്ഷയ തൃതീയ, പരശുരാമ ജയന്തി എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈദ് നമസ്‌കാരങ്ങള്‍ വീട്ടില്‍ വെച്ച് നടത്താനാണ് നിര്‍ദേശം. എന്നാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും, ഈ ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും ഖാര്‍ഗോണ്‍ അഡിഷണല്‍ മജിസ്‌ട്രേറ്റ് സമ്മര്‍ സിംഗ് അറിയിച്ചു.തുടങ്ങിയ ദിനങ്ങളിലും ജില്ലയില്‍ യാതൊരു പരിപാടിയും സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ പത്തിന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാര്‍ഗോണ്‍ നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് തീവെപ്പും കല്ലേറുമുണ്ടായി. അക്രമത്തിനിടെ പോലിസ് സൂപ്രണ്ട് സിദ്ധാര്‍ഥ് ചൗധരിക്ക് വെടിയേറ്റിരുന്നു. സംഘര്‍ഷത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 74 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 177 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലയിലേക്ക് താല്‍ക്കാലികമായി നിയമിച്ച ഐപിഎസ് ഓഫിസര്‍ അങ്കിത് ജയ്‌സ്വാള്‍ പറഞ്ഞു.ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News