കെ എസ് ഷാന്‍ കൊലക്കേസ്; രണ്ട് ആര്‍എസ്എസ്സുകാര്‍ കൂടി അറസ്റ്റില്‍, കൊലപാതകം നേതൃത്വത്തിന്റെ അറിവോടെയെന്ന് റിമാന്‍ഡ് റിപോര്‍ട്ട്
ഷാനിനെ കൊലപ്പെടുത്തിയത് രണ്ടു മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് റിമാന്‍ഡ്റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നു.
ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. അതിനിടെ, ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു.
ഷാനിനെ കൊലപ്പെടുത്തിയത് രണ്ടു മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് റിമാന്‍ഡ്റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നു.
ആര്‍എസ്എസ് ബിജെപി നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടണക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊല നടത്തിയത്. കൊലപ്പെടുത്താന്‍ ഏഴംഗ സംഘത്തെ നിയമിച്ചു. കുറ്റകൃത്യത്തിന് ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നേതാക്കളുടെ സഹായം ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചേര്‍ത്തലയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ 15നും സംഘം യോഗം ചേര്‍ന്നിരുന്നാതായും റിപ്പോര്‍ട്ടിലുണ്ട്. ഷാന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തവരടക്കം 14 പേരാണ് ഇതുവരെ പിടിയിലായത്. ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ആസൂത്രണം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടി. കൊലയാളി സംഘാംഗങ്ങള്‍ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.