കോടതി വിധിയില്‍ സന്തോഷം;തന്റെ ശബ്ദം ഇല്ലായ്മ ചെയ്യുകയാണ് അവരുടെ പ്രധാന അജണ്ട: ഐഷ സുല്‍ത്താന

കോടതിക്ക് കൃത്യമായി എല്ലാം മനസിലായി. കേസ് എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.അവര്‍ക്ക് തോന്നിയതുപോലെ എഫ് ഐ ആര്‍ ഇടുകയായിരുന്നു.തന്റെ ശബ്ദം ഇല്ലായ്മ ചെയ്യുകയാണ് അവരുടെ പ്രധാന അജണ്ട.തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു പോലും അതിന്റെ ഭാഗമായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നത്.

Update: 2021-06-26 14:12 GMT

കൊച്ചി: കോടതിയില്‍ നിന്നും അനുകൂല വിധി വന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തന്റെ ശബ്ദം ഇല്ലായ്മ ചെയ്യുകയാണ് അവരുടെ പ്രധാന അജണ്ടയെന്നും ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐഷ.തന്റെ ഫോണ്‍ പോലിസ് പിടിച്ചുവെച്ചിരിക്കുകയാണ്. ഇത്രയും ദിവസം തന്നെ പോലിസ് ചോദ്യം ചെയ്യുകയായിരുന്നു ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ തന്റെ ഫോണ്‍ പോലിസിന്റെ പക്കലായിരുന്നു. ഈസമയങ്ങളിലൊക്കെ തന്റെ ഫോണ്‍ അവര്‍ പരിശോധിക്കുകയായിരുന്നു. വാട്‌സ് അപ്പ്, ഇന്‍സ്റ്റഗ്രാം എല്ലാം അവര്‍ പരിശോധിച്ചിട്ടുണ്ട്.

തന്റെയും അനിയന്റെയും ഉമ്മയുടെയും ബാങ്ക് അക്കൗണ്ട്‌സ് എല്ലാം അവര്‍ പരിശോധിച്ചിരുന്നു.ഇതെല്ലാം കഴിഞ്ഞ് പൊയ്‌ക്കോളാന്‍ പറഞ്ഞതിനു ശേഷമാണ് താന്‍ പോന്നതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച ദിവസം പോലിസ തന്നോട് ഹാജരാകാന്‍ പറഞ്ഞു. അതു പ്രകാരം താന്‍ വീണ്ടും സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്റെ ഫോണ്‍ അവര്‍ വാങ്ങിച്ചു. ഫോണ്‍ സിസി ചെയ്യുകയാണെന്ന് പറഞ്ഞു.ഫോണില്‍ നിന്നും ഒരു നമ്പര്‍ പോലും എഴുതിയെടുക്കാനുള്ള സാവകാശം പോലിസ് തന്നില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് കോടതി വിധയില്‍ പറയുന്നുണ്ട്.കോടതി പറയുന്നത് താന്‍ കേള്‍ക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.കോടതിക്ക് കൃത്യമായി എല്ലാം മനസിലായി. കേസ് എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.അവര്‍ക്ക് തോന്നിയതുപോലെ എഫ് ഐ ആര്‍ ഇടുകയായിരുന്നു.തന്റെ ശബ്ദം ഇല്ലായ്മ ചെയ്യുകയാണ് അവരുടെ പ്രധാന അജണ്ട.തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു പോലും അതിന്റെ ഭാഗമായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നത്.എന്തെങ്കിലും കള്ളത്തരമുണ്ടെങ്കില്‍ തനിക്ക് ആ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാതിരുന്നാല്‍ പോരായിരുന്നോയെന്നും ഐഷ സുല്‍ത്താന ചോദിച്ചു.

വര്‍ഷങ്ങളായി താന്‍ ഉപയോഗിക്കുന്നതാണിത്.അവര്‍ പരിശോധിച്ചിട്ട് എപ്പോള്‍ വേണമെങ്കിലും തിരിച്ചു തരട്ടെയെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ എന്തു പ്രശ്‌നം വന്നാലും അതിനെതിരെ പോരാടാന്‍ ഉറച്ചിരിക്കുകയാണ്.ഉദ്യോഗസ്ഥര്‍ ആരെയോ ഭയക്കുന്നുവെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.താന്‍ ക്വാറന്റൈന്‍ ലംഘിച്ചുവെന്നത് തെറ്റാണ്.കൊവിഡുള്ള സ്ഥലത്തേക്ക് താന്‍ പോകുമോയെന്നും ഐഷ സുല്‍ത്താന ചോദിച്ചു.അത്തരം മണ്ടത്തരം താന്‍ കാണിക്കില്ലെന്നും ഐഷ സുല്‍ത്താന ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Tags:    

Similar News