ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത് : ജെഎസ്എസ്
ലക്ഷദ്വീപിലെ ശാന്തമായ ജനജീവിതം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അധിനിവേശം നടത്താന്‍ വഴിയൊരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കക്ഷിരാഷ്ട്രീയം മറന്ന് ലക്ഷദ്വീപിന്റെ പോറ്റമ്മയായ കേരളത്തിലെ ജനത പോരാടാന്‍ തയ്യാറാകണമെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു
കൊച്ചി : ലക്ഷദ്വീപിനെയും അവിടുത്തെ മല്‍സ്യ സമ്പത്തിനെയും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു. കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും ഏകമനസ്സോടെ ജീവിക്കുന്ന മാവേലിനാടാണ് ലക്ഷദ്വീപ്.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ ദ്വീപിലെ മുന്‍സിഫ് മജിസ്ട്രേറ്റ് ആയിരുന്ന കാലത്ത് കോടതി ആവശ്യങ്ങള്‍ക്കായി പലപ്പോഴും അവിടെ ചിലവഴിക്കേണ്ടിവന്നിട്ടുണ്ടെന്നും അക്കാലത്ത് ദ്വീപ് നിവാസികളുടെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കാനായിട്ടുണ്ടെന്നും എ എന്‍ രാജന്‍ ബാബു പറഞ്ഞു.
ലക്ഷദ്വീപിലെ ശാന്തമായ ജനജീവിതം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അധിനിവേശം നടത്താന്‍ വഴിയൊരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കക്ഷിരാഷ്ട്രീയം മറന്ന് ലക്ഷദ്വീപിന്റെ പോറ്റമ്മയായ കേരളത്തിലെ ജനത പോരാടാന്‍ തയ്യാറാകണമെന്നും രാജന്‍ ബാബു ആവശ്യപ്പെട്ടു.