ന്യൂഡല്‍ഹി: എസ് എന്‍സി ലാവലിന്‍ കേസിലെ ഹരജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. സപ്തംബര്‍ 20നു ശേഷം ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജികള്‍ പരിഗണിക്കുമെന്നും ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച ഹരജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരേ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ നല്‍കിയ ഹരജികളും ജസ്റ്റിസുമാരായ യു യു ലളിതും വിനീത് ശരണും അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍, ഹരജികള്‍ പരിഗണിച്ചപ്പോള്‍, 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ചവയാണിതെന്നും തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ലളിത് പഴയ ബെഞ്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി അറിയിച്ചു. എന്നാല്‍ തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ലളിതിന്റെ അഭിപ്രായം. തുടര്‍ന്ന് ഹരജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. സിബിഐയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ ഹാജരായി.
Lavalin case to be considered after Sep 20; Returned to old bench