എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്.
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്.
കോടതിയില്‍ ചില രേഖകള്‍ നല്‍കാന്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. കേസ് മാറ്റിവെക്കാന്‍ തന്നെയാണ് സാധ്യത. കേസിലെ 3 പ്രതികളെ വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തരാക്കിയതിനാല്‍ സുപ്രീംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയിരുന്നു.
സിബിഐയുടെ വാദങ്ങള്‍ ഒരു കുറിപ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമര്‍പ്പിക്കാമെന്നുമായിരുന്നു സിബിഐയുടെ വാദം. സമഗ്രമായ കുറിപ്പ് സമര്‍പ്പിച്ചെങ്കിലും അനുബന്ധ രേഖകള്‍ തയ്യാറാക്കാന്‍ സിബിഐക്ക് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതി പട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കണ്‍സള്‍ട്ടന്റായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിട്ടത് 1995 ആഗസ്തിലാണ്. ലാവ്‌ലിനുമായി അന്തിമ കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കാനഡ സന്ദര്‍ശിക്കുന്നത് 1996 ഒക്ടോബറിലാണ്. കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 1995-96കാലഘട്ടത്തില്‍ നടന്ന സംഭവത്തില്‍ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്.