ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്. '2024 ലെ വഖ്ഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുതയെ ഐഎന്‍സി ഉടന്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും.' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ പറഞ്ഞു. 12 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ രാജ്യസഭയില്‍ പാസാക്കിയ വഖ്ഫ് ഭേദഗതി ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ആക്രമണമാണിതെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 'ധ്രുവീകരിക്കാനും' 'വിഭജിക്കാനും' ലക്ഷ്യമിട്ടതാണെന്നും പാര്‍ട്ടി പറഞ്ഞു.
ബില്ലില്‍ പോരായ്മകളുണ്ടെന്ന് കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം, നിയമനിര്‍മ്മാണം വഖ്ഫ് സ്വത്തുക്കളില്‍ ഇടപെടുന്നില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മോദി സര്‍ക്കാര്‍ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു സമൂഹത്തോടും വിവേചനം കാണിക്കുന്നില്ലെന്നും റിജിജു പറഞ്ഞു.