രണ്ടാംഘട്ട പോളിങ് 18ന്: 97 മണ്ഡലത്തിലെ ജനങ്ങള്‍ വിധിയെഴുതും; പ്രചാരണത്തിന് നാളെ തിരശ്ശീല വീഴും

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ഒഡീഷ, ഛത്തിസ്ഗഢ്, ബംഗാള്‍, ജമ്മു കശ്മീര്‍, മണിപ്പുര്‍, ത്രിപുര എന്നിവിടങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Update: 2019-04-15 11:10 GMT

ന്യൂഡല്‍ഹി: ഈ മാസം 18ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 97 മണ്ഡലങ്ങളിലെ ജനങ്ങള്‍ വിധിയെഴുതും. രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ടാണ് സമാപിക്കുന്നത്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 97 മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും വ്യാഴാഴ്ച ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. കൂടാതെ, സംസ്ഥാനത്തെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ഒഡീഷ, ഛത്തിസ്ഗഢ്, ബംഗാള്‍, ജമ്മു കശ്മീര്‍, മണിപ്പുര്‍, ത്രിപുര എന്നിവിടങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മണിപ്പുരിലും ത്രിപുരയിലും രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയോടെ ഇവിടെ വോട്ടെടുപ്പ് പൂര്‍ത്തിയാവും.

യുപിയില്‍ എട്ടിടങ്ങളില്‍ പോളിങ്

യുപിയില്‍ രണ്ടാംഘട്ടത്തില്‍ എട്ടിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇവയൊക്കെയും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. എന്നാല്‍ എന്നാല്‍, എസ്പി- ബിഎസ്പി- ആര്‍എല്‍ഡി മഹാസഖ്യം ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബുലന്ദ്ശഹര്‍, അലിഗഢ്, ഹത്രാസ്, ഫത്തേപ്പുര്‍സിക്രി, നാഗിന, അംറോഹ, മഥുര, ആഗ്ര എന്നീ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്.

മഥുരയില്‍ സിറ്റിങ് എംപിയും ബോളിവുഡ് താരവുമായ ഹേമമാലിനിയും ആര്‍എല്‍ഡിയുടെ കന്‍വര്‍ നരേന്ദ്ര സിങ്ങും കോണ്‍ഗ്രസിന്റെ മഹേഷ് പഥക്കും മല്‍സരിക്കുന്നുണ്ട്. ശക്തമായ ത്രികോണ മല്‍സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ ഹേമമാലിനിയും നരേന്ദ്ര സിങ്ങും തമ്മിലാണ് പ്രധാന മല്‍സരം.

അംറോഹ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംപി കന്‍വര്‍സിങ് തന്‍വറിനെ നേരിടുന്നത് ബിഎസ്പി ടിക്കറ്റില്‍ ജെഡിഎസ് നേതാവ് ഡാനിഷ് അലിയാണ്. ആഗ്ര ലോക്‌സഭാ മണ്ഡലത്തില്‍ മണ്ഡലം കാക്കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി എസ് പി സിങ് ബാഗെലിനെ ബിജെപി രംഗത്തിറക്കിയപ്പോള്‍ അട്ടിമറി പ്രതീക്ഷയുമായി ബിഎസ്പിയുടെ മനോജ് സോണിയാണ് മഹാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. മുന്‍ ആദായനികുതി വകുപ്പ് കമീഷണര്‍ പ്രീത ഹരിത് കോണ്‍ഗ്രസിനായി ഒരു കൈ നോക്കുന്നുണ്ട്.

സിറ്റിങ് എംപിയും കേന്ദ്ര മന്ത്രിയുമായ രാംശങ്കര്‍ കഥേരിയയെ എസ്പിയുടെ ശക്തികേന്ദ്രമായ ഇട്ടാവയിലേക്ക് മാറ്റിയാണ് ബാഗെലിനെ ബിജെപി ഇവിടെ രംഗത്തിറക്കിയത്. ആഗ്രയോട് ചേര്‍ന്നുള്ള ഫത്തേപ്പുര്‍ സിക്രിയില്‍ കോണ്‍ഗ്രസിന്റെ താര സ്ഥാനാര്‍ഥിയായി നടന്‍ രാജ് ബബ്ബര്‍ മല്‍സരിക്കുന്നു. ബിജെപിയുടെ രാജ്കുമാര്‍ ചഹറും ബിഎസ്പിയുടെ ശ്രീഭഗവാന്‍ ശര്‍മയും തമ്മിലാണ് ഇവിടെ പ്രധാന മല്‍സരം. സിറ്റിങ് എംപി ബാബുലാലിനെ ഒഴിവാക്കിയാണ് ബിജെപി ചഹറിനെ രംഗത്തിറക്കിയത്.

ബിഹാറിലെ പോരാട്ടം അഞ്ചിടങ്ങില്‍

ബിഹാറില്‍ ബങ്ക, കിഷന്‍ഗഞ്ച്, കത്തിഹാര്‍, ഭഗല്‍പ്പുര്‍, പൂര്‍ണിയ എന്നീ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറിന്റെ തട്ടകമാണ് കത്തിഹാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ ഒന്നേകാല്‍ ലക്ഷം വോട്ടിനാണ് ബിജെപിയെ തോല്‍പ്പിച്ചത്. 1984, 1996, 1998 വര്‍ഷങ്ങളിലും താരിഖ് അന്‍വര്‍ ഇവിടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെഡിയുവിന്റെ ദുലാല്‍ചന്ദ് ഗോസ്വാമിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. എം ജെ അക്ബര്‍, ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ പ്രതിനിധാനംചെയ്തിട്ടുള്ള കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ ത്രികോണമത്സരമാണ്. കോണ്‍ഗ്രസിന്റെ മുഹമദ് ജാവേദും ജെഡിയുവിന്റെ സയ്യിദ് എം അഷ്‌റഫും എഐഎംഐഎമ്മിന്റെ അഖ്തറുള്‍ ഇമാമും തമ്മിലാണ് പോരാട്ടം.

ബംഗാളില്‍ മൂന്നിടങ്ങളില്‍ ജനവിധി

ബംഗാളിലെ റായ്ഗഞ്ച്, ജയ്പാല്‍ഗുഡി, ഡാര്‍ജിലിങ് മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. റായ്ഗഞ്ചില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമദ് സലീമും കോണ്‍ഗ്രസിന്റെ ദീപാദാസ് മുന്‍ഷിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയ കനയ്യലാല്‍ അഗര്‍വാളാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥി ദേബശ്രീ ചൗധരിയും രംഗത്തുണ്ട്.

ത്രിപുരയില്‍ ഒരിടത്ത്

ഈസ്റ്റ് ത്രിപുര മണ്ഡലത്തില്‍ സിപിഐ എമ്മിന്റെ ജിതേന്ദ്ര ചൗധരി വിജയപ്രതീക്ഷയിലാണ്. ബിജെപിയുടെ രേബതി ത്രിപുര, കോണ്‍ഗ്രസിന്റെ പ്രഗ്യാദേബ് ബര്‍മന്‍ എന്നിവരാണ് എതിരാളികള്‍. സംസ്ഥാന മന്ത്രിയും ഐപിഎഫ്ടി സംസ്ഥാന അധ്യക്ഷനുമായ എന്‍ സി ദേബ്ബര്‍മനാണ് ബിജെപിക്ക് തലവേദനയായി മത്സരിക്കുന്നത്.

Tags:    

Similar News