തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ തിരഞ്ഞെടുപ്പ് പ്രകടനം ഇങ്ങനെ

ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനും തമിഴ്‌നാട്ടില്‍ മോശമല്ലാത്ത ഒരു വോട്ട് ഷെയര്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കിയ ദിനകരന്റെ പാര്‍ട്ടിക്ക് ഗ്രാമീണ മേഖലകളിലായിരുന്നു കൂടുതല്‍ നേട്ടം.

Update: 2019-05-25 07:43 GMT

ചെന്നൈ: രണ്ട് മുഖ്യ ദ്രാവിഡ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച് നടന്‍ കമല്‍ ഹാസനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും. ഒരു സീറ്റില്‍ പോലും കമല്‍ഹാസന്റെ പാര്‍ട്ടി വിജയിച്ചില്ലെങ്കിലും 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് മക്കള്‍ നീതി മയ്യം. പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത് 3.86 ശതമാനം വോട്ടാണ്. നഗര മേഖലകളിലാണ് മക്കള്‍ നീതി മയ്യത്തിന് നല്ല രീതിയില്‍ വോട്ട് ലഭിച്ചത്. അതേസമയം, ഗ്രാമീണ മേഖലകളില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

10 മുതല്‍ 12 ശതമാനം വരെയാണ് മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. കോയമ്പത്തൂര്‍ സ്ഥാനാര്‍ഥി ആര്‍ മഹേന്ദ്രനും സൗത്ത് ചെന്നൈ സ്ഥാനാര്‍ഥി ആര്‍ രംഗരാജനും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചു. 12 ശതമാനമാണ് ഇരുവരുടെയും വോട്ട് ഷെയര്‍.

അണ്ണാ ഡിഎംകെക്കെതിരെയും മോദി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ളതായിരുന്നു കമല്‍ഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. രാജ്യത്തെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശം രാജ്യത്തൊട്ടാകെ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനും തമിഴ്‌നാട്ടില്‍ മോശമല്ലാത്ത ഒരു വോട്ട് ഷെയര്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കിയ ദിനകരന്റെ പാര്‍ട്ടിക്ക് ഗ്രാമീണ മേഖലകളിലായിരുന്നു കൂടുതല്‍ നേട്ടം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് ശതമാനം വോട്ടും അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്വന്തമാക്കിയിട്ടുണ്ട്.

Tags:    

Similar News