ഗോഡ്‌സെ ഹിന്ദു തീവ്രവാദിയെന്ന പരാമര്‍ശം; കമല്‍ഹാസനു മുന്‍കൂര്‍ ജാമ്യം
മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് കമല്‍ഹാസനു മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുവായിരുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരേ ഹിന്ദു മുന്നണി കക്ഷി ജില്ലാ സെക്രട്ടറി കെ വി രാമകൃഷ്ണനാണ് പരാതി നല്‍കിയത്.
ചെന്നൈ: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് കമല്‍ഹാസനു മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുവായിരുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരേ ഹിന്ദു മുന്നണി കക്ഷി ജില്ലാ സെക്രട്ടറി കെ വി രാമകൃഷ്ണനാണ് പരാതി നല്‍കിയത്. 76 കേസുകളാണ് കമല്‍ഹാസനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഗീയധ്രുവീകരണത്തിന് ശ്രമിച്ചു (153 എ), മതവികാരം വ്രണപ്പെടുത്തി (295 എ) എന്നീ വകുപ്പുകള്‍ പ്രകാരം തമിഴ്‌നാട്ടിലെ അറവാകുറിച്ചി പോലിസാണ് കമല്‍ഹാസനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
മെയ് 12ന് തമിഴ്‌നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയാണ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല താന്‍ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. വിവിധ മതവിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.