കമ്മ്യൂണിസ്റ്റുകാരെ നാടു കടത്താന്‍ പരിശ്രമിച്ച മന്നത്ത് പത്മനാഭനും സിപിഎം സമ്മേളന ബോര്‍ഡില്‍
'കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല' എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാല്‍ മന്നത്ത് പത്മനാഭന്റെ ചിത്രം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് സിപിഎമ്മിന്റെ സവര്‍ണ്ണ പ്രീണനത്തിന്റെ ഒടുവിലത്തെ തെളിവ്
പി സി അബ്ദുല്ല
കോഴിക്കോട്: തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പിണറായി സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയ സംവരണത്തിനു പിന്നാലെ, സിപിഎമ്മിന്റെ പിന്നാക്ക വിരുദ്ധത കൂടുതല്‍ മറ നീങ്ങുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയും സവര്‍ണ സാമുദായിക വാദിയും നായര്‍ സമുദായ ആചാര്യനും എന്‍എസ്എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ ചിത്രം സമ്മേളന പോസ്റ്ററുകളില്‍ ഉല്‍പ്പെടുത്തിയതോടെ സവര്‍ണ പ്രീണന വ്യഗ്രതയില്‍ ചരിത്രം തന്നെ വിസ്മരിക്കുകയാണ് സിപിഎം. 1959ല്‍ ഇ എം എസ് മന്ത്രിസഭയ്‌ക്കെതിരേ വിമോചന സമരത്തിന് നേതൃത്വം നല്‍കിയത് മന്നത്ത് പത്മനാഭനാണ്.
വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം നയിച്ച ജീവശിഖാ ജാഥയിലാണ് കമ്മ്യൂണിസ്റ്റുകളെ റഷ്യയിലേക്ക് നാടുകടത്തും വരെ വിശ്രമമില്ലെന്ന് മന്നം പ്രഖ്യാപിച്ചത്.
സിപിഎം പൊതുബോധം ആഴത്തില്‍ ഹിന്ദുത്വ വത്കരിക്കപ്പെടുകയാണെന്നും അതിന്റെ ഭാഗമായ സവര്‍ണ്ണ പ്രീണന അജണ്ടകളാണ് പാര്‍ട്ടിയും സര്‍ക്കാരും നടപ്പാക്കുന്നതെന്നുമുള്ള ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ആര്‍എസ്എസ് - സിപിഎം സവര്‍ണ ധാരകള്‍ പരസ്പരം സ്വീകാര്യമാവുന്നതിന്റെ പുതിയ കാഴ്ചയുമാണ് കാണാനാവുന്നത്. ഭൂരിപക്ഷ മതവര്‍ഗ്ഗീയതയെ പരസ്യമായി പിന്തുണക്കുന്ന നിലപാടുകളാണ് മന്നത്ത് പത്മനാഭനില്‍ നിന്ന് നിര്‍ണായക ഘട്ടങ്ങളില്‍ ഉണ്ടായത്
ആര്‍എസ്എസ്സിനെ പ്രകീര്‍ത്തിച്ചുകൊണ്ട് 1957ല്‍ കേസരിയില്‍ മന്നത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടെല്ലാ ഘട്ടങ്ങളിലും ഭൂരിപക്ഷ, സവര്‍ണ്ണ വര്‍ഗീയതയെ തലോടുന്ന സമീപനം തന്നെയാണ് മന്നം സ്വീകരിച്ചതും. സാമുദായിക വാദം കടന്ന് ഹിന്ദുത്വ മതവര്‍ഗ്ഗീയതെ പരസ്യമായി പിന്തുണക്കുന്ന നിലപാടുകളും മന്നത്ത് പത്മനാഭനില്‍ നിന്നുണ്ടായി.
''ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആര്‍എസ്എസ്സാണെന്നാണ് ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ 1957ല്‍ വന്ന ലേഖനത്തില്‍ പറയുന്നത്. ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് കേസരിയിലെ റിപ്പോര്‍ട്ടിന് ആധാരമായ പ്രസ്താവന മന്നം നടത്തയത്. ആര്‍എസ്എസ് എറണാകുളം ശാഖാ വാര്‍ഷികമായിരുന്നു ചടങ്ങ്.
ഈഴവ മുഖ്യമന്ത്രിയായ ആര്‍ എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതില്‍ മുഖ്യപങ്ക് വഹിച്ചതിലൂടെ മന്നത്തിന്റെ കീഴ്ജാതി വിരുദ്ധതയും ചരിത്രത്തിന്റെ ഭാഗമായി. ദലിത് വിഭാഗങ്ങള്‍ക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.
പിന്നാക്ക-ന്യൂനപക്ഷ വിരുദ്ധ ചരിത്രമുള്ള സവര്‍ണ പ്രമാണിയായ മന്നത്ത് പദ്മനാഭനെ സമ്മേളന ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയതിന്റെ ചരിത്രപരമായ സാംഗത്യം വരും ദിവസങ്ങളില്‍ സിപിഎം വിശദീകരിക്കേണ്ടിവരും.