ചരിത്ര പ്രദര്‍ശനത്തില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കി; സിപിഎമ്മിനെതിരേ വിമര്‍ശനവുമായി എന്‍എസ്എസ്
കോട്ടയം: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രദര്‍ശനത്തില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതിന്റെ പേരിലായിരുന്നു വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യംപോലെ ഉയര്‍ത്തിക്കാട്ടുന്നു. മറ്റ് ചിലപ്പോള്‍ മാറ്റിവയ്ക്കുന്നു. ഇത് അവരുടെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കിയാല്‍ മതിയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
രാഷ്ട്രീയനേട്ടത്തിനായി മന്നവും എന്‍എസ്എസ്സും ഒരുകാലത്തും നിലപാട് സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയും സാമൂഹ്യനീതിക്കുവേണ്ടിയുമായിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എറണാകുളം മറൈന്‍ ഡ്രൈവിലാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുതിര്‍ന്ന സംസ്ഥാന കമ്മിറ്റിയംഗം ആനത്തലവട്ടം ആനന്തന്‍ പതാകയുയര്‍ത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമായത്.