
ഇപ്പോള്‍ ആഗോളതലത്തില്‍ മാര്‍ച്ച് 8 വനിതാദിനമായി ആചരിക്കുന്നുണ്ട്. പതിവുപോലെ സെമിനാറുകളും ചര്‍ച്ചകളും നടക്കുന്നു. പടിഞ്ഞാറുനിന്നു വരുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പലതും. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കാന്‍ വരെ ദശാബ്ദങ്ങളോളം മടിച്ചുനിന്നവരാണ് ഇപ്പോള്‍ സ്ത്രീപുരുഷ സമത്വത്തിന്റെ പ്രമുഖ വക്താക്കള്‍.
ആരാണ് വനിതാദിനം തുടങ്ങിയത് എന്ന തര്‍ക്കത്തിന് ഇനിയും തീരുമാനമുണ്ടായിട്ടില്ല. യുഎസും സോവിയറ്റ് യൂണിയനും തങ്ങളാണത് തുടങ്ങിവച്ചതെന്ന് വാദിച്ചിരുന്നു. 1909ല്‍ ന്യൂയോര്‍ക്കില്‍ സോഷ്യലിസ്റ്റ് ആശയങ്ങളുള്ള സംഘടനകളും നെയ്ത്തുതൊഴിലാളികളും, ചെറിയ വേതനം നല്‍കി മണിക്കൂറോളം ജോലിയെടുപ്പിക്കുന്നതിനെതിരേ സമരം ചെയ്തപ്പോഴാണ് അവര്‍ ദേശീയ വനിതാദിനം പ്രഖ്യാപിച്ചതെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ ജര്‍മനിയിലെ ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്ലാരാ സെറ്റ്കിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനു സ്ത്രീകള്‍ പ്രകടനങ്ങളില്‍ പങ്കെടുത്ത ദിവസമാണ് പിന്നീട് വനിതാദിനമായി മാറിയതെന്ന് മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നു. റഷ്യന്‍ വിപ്ലവത്തിനു നാലുവര്‍ഷം മുമ്പ്, 1913ല്‍, റഷ്യയില്‍ വനിതാദിനം ആചരിച്ചിരുന്നു. അതില്‍ പങ്കെടുത്തവര്‍ 1917ല്‍ റഷ്യന്‍ വിപ്ലവത്തിനു പിന്തുണ നല്‍കി പല റഷ്യന്‍ നഗരങ്ങളിലും പണിമുടക്കി. അലക്‌സാണ്ഡ്ര കൊല്ലന്‍തായ് ആയിരുന്നു അതിനു നേതൃത്വം നല്‍കിയത്.
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി യുഎന്‍ പ്രഖ്യാപിക്കുന്നത് 1975ലാണ്. പലയിടത്തും പല രീതിയിലാണ് ദിനാചരണം. സ്ത്രീപുരുഷ സമത്വത്തിനാണ് എല്ലായിടത്തും മുന്‍തൂക്കം. പുരുഷമേധാവിത്വം എല്ലാ സമൂഹങ്ങളിലും പല രൂപത്തിലും നിലനിന്നിരുന്നതിനാല്‍ ദിനാചരണം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ വലിയ അന്തരം കാണും.
വലിയ കമ്പനികള്‍ ഒരുദിവസം വനിതാദിനമായി ആചരിക്കുന്നത് യഥാര്‍ഥത്തില്‍ അന്നു സ്ത്രീകള്‍ക്ക് താല്‍പ്പര്യമുള്ള ചില ചരക്കുകള്‍ വിറ്റഴിക്കാനാണ്. വേണമെങ്കിലവര്‍ പിങ്ക് നിറമുള്ള മഗ്ഗുകള്‍ വരെയുണ്ടാക്കും. ആ ഒരുദിവസം അവര്‍ വേതനത്തിലുള്ള സ്ത്രീപുരുഷ വിവേചനത്തെപ്പറ്റി ഒന്നും പരാമര്‍ശിക്കില്ല. ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ തമാശയിതാണ്. പ്രസംഗകന്‍ പറയുന്നു: 'ഞങ്ങള്‍ തുല്യതയില്‍ വിശ്വസിക്കുന്നു. സ്ത്രീ ജീവനക്കാരോട് കാണിക്കുന്ന അനീതിയില്‍ മാനേജ്‌മെന്റ് വിവേചനം കാണിക്കാറില്ല!'
അമേരിക്കയാണല്ലോ സ്ത്രീപുരുഷ സമത്വത്തിന്റെ ഉസ്താദുമാര്‍. ഹോളിവുഡാവട്ടെ അതിന്റെ തിളക്കം കൂടിയ കുന്നിന്‍പുറങ്ങളും. എന്നാല്‍ ഓസ്‌കര്‍ അവാര്‍ഡിന്റെ കാര്യമെങ്ങനെ? തിരക്കഥയെഴുതുന്ന സ്ത്രീകളില്‍ ഓസ്‌കര്‍ അവാര്‍ഡ് കിട്ടുന്നവര്‍ 10 ശതമാനം കൂടില്ല. സ്‌കൈ ന്യൂസിന്റെ റിപോര്‍ട്ട് അനുസരിച്ച് മൂന്നു വനിതാ സംവിധായകര്‍ക്കു മാത്രമേ ഏറ്റവും നല്ല സംവിധായകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ളൂ
അനാമിക