
രാം പുനിയാനി
ആര്‍എസ്എസ് പരിവാരത്തിന്റെ ഹിന്ദുരാഷ്ട്ര അജണ്ട ബഹുതല സംവിധാനങ്ങളിലൂടെയുള്ള ആഖ്യാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹൈന്ദവ ആഘോഷങ്ങളും ഉല്‍സവങ്ങളും അവരുടെ അജണ്ട നടപ്പാക്കുന്നതിനുള്ള അവസരങ്ങളാണ്. തങ്ങളുടെ 'സാമൂഹിക രാഷ്ട്രീയ സന്ദേശത്തിന്റെ വ്യാപനത്തിനായി' ചില ദേവതകളെ ഉയര്‍ത്തിക്കാട്ടുന്നതും രാഷ്ട്രീയ രംഗത്ത് വലിയ തോതില്‍ ആര്‍എസ്എസ് അവലംബിച്ചു പോരുന്ന ഒരു പ്രധാന രീതിയാണ്.
അടുത്തിടെ നടന്ന കുംഭമേള അത്തരത്തിലുള്ള വലിയൊരു പ്രദര്‍ശനമായിരുന്നു. മതപരമായ ഒത്തുചേരല്‍ എന്നതിലുപരി അതൊരു ദേശീയ പരിപാടിയായി മാറി. ഈ വര്‍ഷത്തെ കുംഭമേളയുടെ ഒരു പ്രധാന വ്യത്യാസം സാംസ്‌കാരികവും വികസനപരവുമായ ഒരു പ്രദര്‍ശനമെന്ന നിലയില്‍ അതിന്റെ വന്‍തോതിലുള്ള വിപണനമാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട 'ഭൂമിയിലെ ഏറ്റവും വലിയ കാഴ്ച' എന്നാണ് കുംഭമേള വിശേഷിപ്പിക്കപ്പെട്ടത്. അത്തരം അവസരങ്ങളില്‍ ഭക്തര്‍ക്ക് താമസം, ശുചിത്വം, ഗതാഗതം എന്നിവ ഒരുക്കുകയെന്നത് സംസ്ഥാന ഭരണകൂടത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നതില്‍ വിശ്വഹിന്ദു പരിഷത്ത്, ധര്‍മസന്‍സദ് തുടങ്ങിയ സംഘപരിവാര സംഘടനകളുടെയും ഹിന്ദുത്വ സന്ന്യാസിമാരുടെയും പൂര്‍ണ പങ്കാളിത്തമുണ്ടായിരുന്നു. അവര്‍ ഹിന്ദുത്വ ദേശീയ അജണ്ടയുടെയും 'മുസ്‌ലിംകളോടുള്ള വിദ്വേഷത്തിന്റെയും' ഘടകങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി.
മതപരമായ ആത്മീയ പ്രാധാന്യത്തെ ഭക്തര്‍ വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും, ഇത്തവണ കുംഭമേളയുടെ പ്രത്യേകത അതിന്റെ രാഷ്ട്രീയ നിറമായിരുന്നു. കുംഭമേള സംഘടിപ്പിക്കുന്നത് ഇതാദ്യമല്ല. ഇത്തവണ ഹിന്ദുത്വ അജണ്ട പ്രമോട്ട് ചെയ്യുന്നതിനുള്ള വേദിയായി ഈ ചടങ്ങ് മാറി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമായെങ്കിലും, കുറച്ചുകാലമായി വലിയ തോതില്‍ ഭക്തരെ ആകര്‍ഷിക്കാന്‍ പരസ്യങ്ങളും മറ്റും നല്‍കുന്നതില്‍ ശുഷ്‌കാന്തി കാട്ടി. ഭക്തരെ ക്ഷണിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടാകണം.
മുസ്‌ലിം വ്യാപാരികളുടെ കടകള്‍ക്കും സ്റ്റാളുകള്‍ക്കും ഇത്തവണ നിരോധമേര്‍പ്പെടുത്തി. അതിന് ഉപോദ്ബലകമായി നിരവധി കാരണങ്ങള്‍ ഹിന്ദുത്വ കാംപ് നിരത്തി. സ്വാമി അവിമുക്തേശ്വരാനന്ദ് മുസ്‌ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നുവെന്നും അതിനാല്‍ അവരെ അകറ്റി നിര്‍ത്തുന്നുവെന്നും വ്യാജമായി പറഞ്ഞതാണ് ഒന്ന്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ടായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് മുസ്‌ലിംകള്‍ അവരുടെ പള്ളികള്‍ തുറന്നു കൊടുക്കുകയും ഭക്ഷണം സംഘടിപ്പിക്കുകയും ചെയ്തു എന്നത് മറ്റൊരു കാര്യം. മുഗള്‍ കാലഘട്ടത്തില്‍, ഭക്തര്‍ക്ക് കുംഭമേള കൂടുതല്‍ സുഖകരമാക്കുന്നതിനായി, നിരവധി സ്‌നാന ഘട്ടുകളും (കുളിക്കുന്നതിനുള്ള നദീതീരങ്ങള്‍) കക്കൂസുകളും അവര്‍ നിര്‍മിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ചരിത്രകാരനായ ഹെരാംബ് ചതുര്‍വേദിയുടെ അഭിപ്രായത്തില്‍, കുംഭമേളയുടെ ക്രമീകരണങ്ങള്‍ നോക്കാന്‍ അക്ബര്‍ തന്റെ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ നിറഞ്ഞ ഒരു ഹോര്‍ഡിങായിരുന്നു ആ പ്രദേശമാകെ നിറഞ്ഞുനിന്നത്. ഇത്തവണ വലിയൊരു സ്ഥലം വിഐപികള്‍ക്കായി നീക്കിവച്ചിരുന്നു. ഇത് മൂലം സ്ഥലപരിമിതിയും തിരക്കും അനുഭവപ്പെട്ടതിനാല്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ചു. ഗതാഗത ക്രമീകരണങ്ങള്‍ മോശമായിരുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണത്തില്‍ ഈ കാര്യക്ഷമതയില്ലായ്മ ശരിക്കും പ്രതിഫലിച്ചു.
നരേന്ദ്ര മോദി തന്റെ ഇളയ സഹോദരന്‍ എന്ന് വിളിക്കുന്ന ധീരേന്ദ്ര ശാസ്ത്രി എന്ന ഒരു സ്വാമി, തിക്കിലും തിരക്കിലും മരിച്ചവര്‍ മോക്ഷം നേടിയവരാണെന്ന് സന്തോഷത്തോടെ പറഞ്ഞു. ഇകോളിയും വിസര്‍ജ്യവും മൂലം ജലത്തിന്റെ ഗുണനിലവാരം വളരെ താഴ്ന്ന നിലയിലെത്തി. ജലത്തിന്റെ ഗുണനിലവാരത്തെയും മരണത്തെയും കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്, പന്നികള്‍ അഴുക്ക് കാണുന്നു, കഴുകന്മാര്‍ മരിച്ചവരെ എണ്ണുന്നു എന്നാണ്!
മാര്‍ഗദര്‍ശക് മണ്ഡല്‍ യോഗങ്ങളും മറ്റുമായി വിഎച്ച്പി അതിനെ ഒരു സുവര്‍ണാവസരമായി ഉപയോഗിച്ചു. മുസ്‌ലിംകള്‍ക്കെതിരായ വിഷം വമിക്കുന്നതായിരുന്നു അവരുടെ പ്രസംഗങ്ങള്‍. ജനസംഖ്യാ വര്‍ധന, ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍, ഗോസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട മുസ്‌ലിംകളെ ക്കുറിച്ചുള്ള പതിവ് പ്രചാരണം വിവിധ യോഗങ്ങളില്‍ ആവര്‍ത്തിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്ന സാധ്വി ഋതംഭര, പ്രവീണ്‍ തൊഗാഡിയ, യതി നരസിംഹാനന്ദ് സരസ്വതി എന്നിവര്‍ വെറുപ്പ് കലര്‍ന്ന പ്രസംഗങ്ങള്‍ നടത്തി ആഘോഷിക്കുകയായിരുന്നു. അവര്‍ക്ക് വലിയ പ്രേക്ഷകരുമുണ്ടായിരുന്നു. ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കായി സന്ന്യാസിമാരെ വിജയകരമായി ഉപയോഗിക്കുകയും സംസ്ഥാന ചെലവില്‍ പ്രചാരണം നടത്തുകയും ചെയ്തു.
കാവി വസ്ത്രം ധരിച്ച ഒരാള്‍ കാശിയും മഥുരയും വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു. 1860 ക്ഷേത്രങ്ങളെക്കുറിച്ച് 'ഗവേഷണം' നടത്തിയിട്ടുണ്ടെന്നും അവ പുനസ്ഥാപിക്കേണ്ടതുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നും ഇംഗ്ലീഷ് സ്‌കൂളുകളെ ഗുരുകുലങ്ങളാക്കി മാറ്റണമെന്നും ഒരു ഹിന്ദു ലോകം സൃഷ്ടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2024ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍, ഇര്‍ഫാന്‍ എന്‍ജിനീയറും നേഹ ദബാഡെയും മതപരമായ ഉല്‍സവങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുള്ള അവസരങ്ങളായി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമ്മുടെ ഉല്‍സവങ്ങള്‍ മതപരമായ അതിരുകള്‍ ഭേദിച്ച് സന്തോഷകരമായ സാമൂഹിക അവസരങ്ങളാണ്. ഇപ്പോള്‍ ഹിന്ദു ഉല്‍സവങ്ങളുടെ ഒരു രീതി തന്നെ പ്രകോപനപരമാണ്. മുസ്‌ലിംകളു പ്രദേശങ്ങളിലൂടെ മതാഘോഷ യാത്രകള്‍ കടന്നുപോകുക, പള്ളിയിലെ പച്ചക്കൊടി കാവി പതാകയാക്കി മാറ്റുക, കൈയില്‍ വാളുമായി നൃത്തം ചെയ്യുക എന്നിവയാണ് പുത്തന്‍ പ്രവണതകള്‍. അതേസമയം അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷകരമായ മുദ്രാവാക്യങ്ങള്‍. ഈ പുസ്തകത്തില്‍ രചയിതാക്കള്‍ ഇരുവരും പ്രത്യേകിച്ച് 20222023 ലെ രാമനവമി ഉല്‍സവത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നു. ഹൗറയും ഹൂഗ്ലിയും (2023), സംബാജി നഗര്‍ (2023), വഡോദര (2023), ബിഹാര്‍ഷരീഫ്, സസാരം 2023, ഖാര്‍ഗോണ്‍ (2022), ഹിമ്മത് നഗര്‍, ഖംബത് (2022), ലോഹാര്‍ദഗ്ഗ (2022) എന്നിവയുമായി ബന്ധപ്പെട്ടതാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അക്രമം.
'മതപരമായ ഘോഷയാത്ര' എന്ന വ്യാജേന ഹിന്ദു ദേശീയവാദികളുടെ ഒരു ചെറിയ സംഘം പോലും ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ നിര്‍ബന്ധിക്കുകയും രാഷ്ട്രീയവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് ചില യുവാക്കളെ പ്രകോപിപ്പിക്കുകയും അക്രമാസക്തമായ ഗാനങ്ങളും സംഗീതവും ആലപിക്കുകയും ചെയ്യും. പ്രതികരണമായി അവര്‍ക്ക് നേരെ കല്ലേറുണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഭരണകൂടം ന്യൂനപക്ഷത്തിലെ വലിയൊരു വിഭാഗം അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും കോടതി നടപടിക്രമങ്ങളില്ലാതെ ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ വീടുകളും സ്വത്തുക്കളും തകര്‍ക്കുകയും ചെയ്യും' എന്ന് എന്‍ജിനീയര്‍ ഉപസംഹരിക്കുന്നു.
മറ്റൊരു തലത്തില്‍, ഈ വലതുപക്ഷ രാഷ്ട്രീയം ആദിവാസി മേഖലകളില്‍ ശബരി ദേവിയെയും ഹനുമാനെയും വളര്‍ത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആദിവാസി മേഖലകളില്‍ ക്രിസ്ത്യന്‍ വിരുദ്ധ അക്രമം നടന്നപ്പോള്‍, വനവാസി കല്യാണ്‍ ആശ്രമവും വിശ്വഹിന്ദു പരിഷത്തും (ആര്‍എസ്എസ് സന്തതികള്‍) ശബരിയെ പ്രോത്സാഹിപ്പിക്കാന്‍ തീവ്രമായ ശ്രമം നടത്തി. ഗുജറാത്തിലെ ഡാങ്‌സിനടുത്താണ് ശബരി കുംഭമേള നടന്നത്. ഈ പ്രദേശങ്ങളില്‍ ഒരു ശബരി ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. അക്കാലത്ത് വിഎച്ച്പിയുടെ സ്വാമി അസിമാനന്ദ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നു. മലേഗാവ്, അജ്മീര്‍, മക്ക മസ്ജിദ് എന്നിവിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് മഹാരാഷ്ട്ര എടിഎസ് ആരോപിച്ച ആളായിരുന്നു സ്വാമി അസിമാനന്ദ.
നമ്മുടെ ഉല്‍സവങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനം ധാരാളമായി പ്രതിഫലിക്കുന്നുണ്ട്. ഇവയില്‍ ചിലത് എങ്ങനെ ആയുധമാക്കപ്പെടുന്നു, അല്ലെങ്കില്‍ കുംഭമേള മുസ്‌ലിം വിരുദ്ധ വാചാടോപങ്ങള്‍ക്ക് വേദിയാക്കപ്പെടുന്നു, അല്ലെങ്കില്‍ ആദിവാസി പ്രദേശങ്ങളില്‍ ശബരിയും ഹനുമാനും എങ്ങനെ പ്രചാരത്തിലാകുന്നു എന്നിവയെല്ലാം ചിന്തിക്കേണ്ടതാണ്.