സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടതിന് ശേഷം ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യുപി സര്‍ക്കാരിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോള്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യം തടയാന്‍ യുപി പോലിസ് തടസ്സവാദങ്ങള്‍ ഉന്നയിച്ചു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടതിന് ശേഷം ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യുപി സര്‍ക്കാരിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോള്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യം തടയാന്‍ യുപി പോലിസ് തടസ്സവാദങ്ങള്‍ ഉന്നയിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാപ്പന് സിമി ബന്ധം ഉണ്ടെന്ന് യുപി പോലിസ് ആവര്‍ത്തിച്ചു. സാമുദായികകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുമായാണ് കാപ്പനും സംഘവും ഹാഥ്‌റസിലേക്കു പോയതെന്ന കള്ളം യുപി പോലിസ് കോടതിയില്‍ ആവര്‍ത്തിച്ചു. സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹാഥ്‌റസിലേക്കു പോയതെന്ന വാദം അസത്യമാണെന്നും യുപി പോലിസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയെ അറിയിച്ചു.
സിദ്ദീഖ് കാപ്പന്‍ കഴിഞ്ഞ ഒമ്പതുമാസമായി അന്യായമായി ജയിലില്‍ കഴിയുകയാണെന്നും അസുഖബാധിതയായ മാതാവ് കഴിഞ്ഞമാസം 18ന് മരണപ്പെട്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന്‍ നിരപരാധിയാണ്. വാര്‍ത്താശേഖരത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍, ജാമ്യം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഥുര ജില്ലാ കോടതി ജഡ്ജി അനില്‍കുമാര്‍ പാണ്ഡെയാണ് കേസ് പരിഗണിച്ചത്.
സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്റെ വാദങ്ങള്‍ കേട്ട കോടതി യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം വേണമെന്ന് അറിയിച്ചു. എന്നാല്‍, ഇനിയും കൂടുതല്‍ നീണ്ടുപോവാതെ പരിഗണിക്കണമെന്ന സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് കേസ് ഇന്ന് പരിഗണനയ്‌ക്കെടുത്തത്. സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിന് കാരണമായ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം മഥുര സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി തെളിവില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 16ന് ഒഴിവാക്കിയിരുന്നു.