മഥുര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടന

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കപ്പനെതിരായ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെളിവില്ലെന്ന മഥുര കോടതി വിധി പോലിസ് ഉദ്യോഗസ്ഥരുടെ ആരോപണം തുടക്കം മുതല്‍ തന്നെ വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് സിപിജെയുടെ ഏഷ്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു.

Update: 2021-06-18 09:27 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെളിവില്ലെന്ന മഥുര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉത്തര്‍ പ്രദേശില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സിപിജെ).

സവര്‍ണ വിഭാഗത്തില്‍പെട്ട യുവാക്കളുടെ ക്രൂര ബലാല്‍സംഗത്തെതുടര്‍ന്ന് കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ഹത്രാസ് ജില്ലയിലെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് പോവുമ്പോഴാണ് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുപി പോലിസ് കാപ്പനേയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്.

ഈ കേസില്‍ യാതൊരു തെളിവുമില്ലെന്ന് കഴിഞ്ഞ ദിവസം മഥുര കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കപ്പനെതിരായ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെളിവില്ലെന്ന മഥുര കോടതി വിധി പോലിസ് ഉദ്യോഗസ്ഥരുടെ ആരോപണം തുടക്കം മുതല്‍ തന്നെ വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് സിപിജെയുടെ ഏഷ്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു. ശേഷിക്കുന്ന എല്ലാ കുറ്റങ്ങളും പിന്‍വലിചിച്ച് കാപ്പനെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിദ്ധീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അത്തീഖുര്‍ റഹ്മാന്‍, ജാമിയ സര്‍വകലാശാല വിദ്യാര്‍ഥി മസൂദ് അഹമ്മദ്, പോപുലര്‍ ഫ്രണ്ട് അംഗം മുഹമ്മദ് ആലം എന്നിവര്‍ക്കെതിരേയുള്ള കേസിലാണ് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് മഥുര സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് ഒഴിവാക്കിയത്.

ക്രിമിനല്‍ നടപടിച്ചട്ടം 116(6) അനുസരിച്ചാണു സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയിരുന്നത്. ഇതില്‍ ആറു മാസത്തിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ചു തെളിവു ഹാജരാക്കണമെന്നാണു ചട്ടം. ഇതു യുപി പോലിസിനു സാധിച്ചിട്ടില്ല. അതിനാല്‍ പ്രതികളെന്ന് ആരോപിക്കുന്നവര്‍ക്കു മേല്‍ ചുമത്തിയ കുറ്റം റദ്ദാക്കുകയാണെന്ന് മജിസ്‌ട്രേട്ട് രാംദത്ത് റാം ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ കാപ്പന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ പ്രധാന വകുപ്പ് അസാധുവായി. എന്നാല്‍ ഇവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കിയിട്ടില്ല.

Tags:    

Similar News