സര്‍ക്കാര്‍ ആനുകൂല്യ വിതരണത്തിലെ കുപ്രചാരണം പൊളിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ്
പട്ടിക ജാതി വികസനം-1,725.29 കോടി പട്ടിക വര്‍ഗ്ഗം വികസനം-663.27 കോടി, ഹിന്ദുക്കള്‍ അടക്കമുള്ള ഒബിസി-114.20 കോടി, മുന്നാക്ക വിഭാഗ വികസനം-42 കോടി, ന്യൂനപക്ഷക്ഷേമ വികസനം-48.75 കോടി
മദ്‌റസാധ്യാപകര്‍ക്ക് 2,000 കോടി സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നുവെന്ന ആരോപണവും പച്ചക്കള്ളമാണ്. ഒരു രൂപ പോലും മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നില്ലെന്നു ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ മൊയ്തീന്‍കുട്ടി വ്യക്തമാക്കി. ഏരിയാ ഇന്‍ഡന്‍സീവ് പ്രോഗ്രാമിലും മദ്‌റസ ആധുനികവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന തുക ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. മദ്‌റസാ ക്ഷേമനിധിയില്‍ 1,500 രൂപ വീതം 411 അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ 800 രൂപയായിരുന്നു. അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ 100 രൂപ വിഹിതം അടച്ചവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുന്നത്. മതപഠനത്തിന് മുസ് ലിംകള്‍ക്ക് ഒരു രൂപപോലും സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കുന്നില്ല. മറ്റു ക്ഷേമ ബോര്‍ഡുകളില്‍നിന്ന് വ്യത്യസ്തമായി മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് മെംബര്‍മാരില്‍നിന്ന് ലഭിക്കുന്ന മാസവരി സര്‍ക്കാര്‍ ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. ഈ തുക സര്‍ക്കാരിനു വികസനത്തിനോ പൊതുജനക്ഷേമത്തിനോ വിനിയോഗിക്കാം. ഇതിനു സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് ഉപയോഗിച്ച് ബോര്‍ഡ് ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ മുസ് ലിം വിഭാഗത്തെ പിന്നാക്ക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ് മുതലായവര്‍ പിന്നാക്ക സമുദായത്തില്‍ പെട്ടവരാണ്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നാക്ക കോര്‍പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും ലഭിക്കുന്നുണ്ട്. മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ എന്തോ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Minority Welfare Department breaks down propaganda about government fund