മധ്യപ്രദേശില്‍ വിഎച്ച്പി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം; ഹിന്ദുത്വരെ തൊടാതെ മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് പോലിസ്, മുസ്‌ലിമിന്റെ ഉടമസ്ഥതതയിലുള്ള ബഹുനില കെട്ടിടവും തകര്‍ത്തു

വിഎച്ച്പിയുടെ കലാപനീക്കങ്ങളെ പ്രതിരോധിച്ചവര്‍ ഒളിവില്‍ കഴിഞ്ഞത് ഈ കെട്ടിടത്തത്തിലാണെന്നാരോപിച്ചാണ് താമസ സ്ഥലം ഉള്‍പ്പെടെയുള്ള കെട്ടിടം ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. എന്നാല്‍, കെട്ടിടത്തിന് നിര്‍മാണാനുമതി ഇല്ലെന്നും ഇത് തെളിയിക്കാത്തതിനാലാണ് നടപടിയെന്നുമാണ് അധികൃതരുടെ വാദം.

Update: 2021-12-26 16:38 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ മനാവാര്‍ തഹസില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം ലക്ഷ്യമിട്ട് വിഎച്ച്പി നടത്തിയ 'ശൗര്യ യാത്ര' പോലിസ് തടഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടം പൊളിച്ചു നീക്കിയും മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തും പോലിസ് ഭീകരത.

മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് കടക്കരുതെന്ന പോലിസ് നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഇവിടേക്ക് കടന്നുകയറാനുള്ള തീവ്രവലത് ഹിന്ദുത്വ ഗ്രൂപ്പിന്റെ ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു പിന്നാലെ പോലിസ് ഇടപെടുകയും 'ശൗര്യ യാത്ര' പോലിസ് തടയുകയുമായിരുന്നു.

വിഎച്ച്പിയുടെ കലാപനീക്കങ്ങളെ പ്രതിരോധിച്ചവര്‍ ഒളിവില്‍ കഴിഞ്ഞത് ഈ കെട്ടിടത്തത്തിലാണെന്നാരോപിച്ചാണ് താമസ സ്ഥലം ഉള്‍പ്പെടെയുള്ള കെട്ടിടം ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. എന്നാല്‍, കെട്ടിടത്തിന് നിര്‍മാണാനുമതി ഇല്ലെന്നും ഇത് തെളിയിക്കാത്തതിനാലാണ് നടപടിയെന്നുമാണ് അധികൃതരുടെ വാദം.

മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ മനാവാര്‍ തഹസിലിലാണ് പട്ടാപ്പകല്‍ പോലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വിഎച്ച്പി ദാസ്യവേല അരങ്ങേറിയത്. 2021 ഡിസംബര്‍ 23നാണ് ഡീജെ സംഗീതവും ജയ് ശ്രീറാം ആക്രോശവുമായി ഒരു സംഘം റാലി നടത്തിയത്. മുന്‍കാലത്ത് സംഘര്‍ഷം ഉണ്ടായതിനാല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് 'ശൗര്യ യാത്ര' നടത്തരുതെന്ന് പോലിസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച് വിഎച്ച്പിയും ഹിന്ദുത്വ സംഘടനകളും ഗാന്ധി നഗര്‍ പ്രദേശത്തേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. വിഎച്ച്പി പ്രവര്‍ത്തകരെ നേരിയ ബലപ്രയോഗത്തിലൂടെ പോലിസ് തടഞ്ഞു. ഇതിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുന്നതായി അഭ്യൂഹം പരക്കുകയായിരുന്നു.

2016ലും സമാനമായ രീതിയില്‍ പ്രദേശത്ത് റാലിയും സംഘര്‍ഷവും അരങ്ങേറിയിരുന്നു. 2016 ജനുവരി 12ന് മനാവാര്‍ നഗരത്തില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ 'ശൗര്യ യാത്ര'യ്ക്കിടെയാണ് മുസ്‌ലിം വിരുദ്ധ വര്‍ഗീയ കലാപമുണ്ടായത്. നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും

മുസ്‌ലിംകളുടെ ഡസന്‍ കണക്കിന് കടകള്‍ ഹിന്ദുത്വ അക്രമികള്‍ കത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് ഗാന്ധി നഗര്‍ സംഭവത്തിന് മിനിറ്റുകള്‍ക്ക് ശേഷം നഗരത്തിലെ സിന്ധാന റോഡിലും നള പ്രംഗനിലും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം ഗാന്ധി നഗറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഐപിസിയിലെ കലാപം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 30 പേര്‍ക്കും കണ്ടാലറിയാവുന്ന 22 പേര്‍ക്കുമെതിരേ മൂന്ന് വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ഡസനിലേറെ മുസ് ലിംകളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

'റാലിയുടെ റൂട്ടിനെച്ചൊല്ലി സംഘാടകരും പോലിസും തമ്മിലുള്ള തര്‍ക്കമാണ് മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്കുള്ള കിംവദന്തിക്ക് കാരണമെന്നും റാലി നടന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സിന്ധാന റോഡിലും നള പ്രംഗനിലുമാണ് കല്ലേറുണ്ടായതെന്നും

ധര്‍ പോലീസ് സൂപ്രണ്ട് ആദിത്യ പ്രതാപ് സിങ് പറഞ്ഞു. എന്നാല്‍, കല്ലേറില്‍ പരിക്കേറ്റ നാട്ടുകാരുടെ പരാതിയുടെയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ധാര്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ട് ധീരജ് പാട്ടിദാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഒരു ഡസനിലധികം പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു, മറ്റുള്ളവരെ അറസ്റ്റുചെയ്യാന്‍ റെയ്ഡ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പങ്കജ് ഖുഷ്‌വാഹയുടെ പരാതിയിലാണ് 12 പേര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തേക്ക് റാലി കയറാന്‍ ശ്രമിച്ചത് പോലിസ് നിയന്ത്രിച്ചിരുന്നു. പോലിസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ വിഎച്ച്പിക്കാര്‍ ശ്രമിച്ചപ്പോഴാണ് പോലിസുകാര്‍ നേരിയതോതില്‍ ബലം പ്രയോഗിച്ചതെന്ന് ദൃക്‌സാക്ഷിയും പറയുന്നുണ്ട്.

ഇതെല്ലാം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 55 കാരനായ ഖലീല്‍ ഖത്രിയുടെ മൂന്ന് നില കെട്ടിടം ജില്ലാ ഭരണകൂടം നിലംപരിശാക്കിയത്. 45 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കെട്ടിടമാണ് ഒറ്റ ദിവസം കൊണ്ട് ജെസിബി ഉപയോഗിച്ച് തരിപ്പണമാക്കിയത്. പ്രതികളില്‍ മൂന്ന് പേര്‍ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതായും നോട്ടീസ് നല്‍കി 24 മണിക്കൂറിനുള്ളില്‍ കെട്ടിടാനുമതി ഹാജരാക്കുന്നതില്‍ ഉടമ പരാജയപ്പെട്ടതായും പോലിസ് പറഞ്ഞു.

'കെട്ടിടാനുമതി ലഭ്യമല്ലാത്തതിന്റെ പേരില്‍, വര്‍ഷങ്ങളോളം അധ്വാനിച്ചു പണികഴിപ്പിച്ച കെട്ടിടം ഭരണകൂടം പൊളിച്ചുനീക്കി. അടുത്തിടെ

നടന്ന കല്ലേറ് കേസില്‍ തന്റെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിക്കുന്ന മൂന്ന് പേരുടെ പേരുണ്ട്. സംഭവവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ സമീപത്തെ എല്ലാ വീടുകളും ഇതുപോലെ നിര്‍മാണാനുമതി ഇല്ലാതെയാണ് നിര്‍മ്മിച്ചത് ഖത്രി സങ്കടത്തോടെ പറഞ്ഞു.

അഡീഷണല്‍ എസ്പിയുടെയും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെയും മുമ്പാകെ ഞാന്‍ അഭ്യര്‍ത്ഥിച്ചു. പൊളിക്കല്‍ നിര്‍ത്താന്‍ അപേക്ഷിച്ചു.  ആവശ്യമായ അനുമതി വാങ്ങാമെന്ന് പറഞ്ഞു. എന്നാല്‍ കുറ്റവാളികള്‍ക്ക് അഭയം നല്‍കിയെന്ന് പറഞ്ഞ് അവരെന്നെ ശകാരിച്ചെന്നും വയോധികന്‍ പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം വാടകയ്ക്ക് താമസിക്കുന്നവരുടെ വിശദാംശങ്ങള്‍ തേടി 30 വയസ്സുള്ള മകന്‍ ഖാലിദിനൊപ്പം തന്നെയും പോലിസ് കസ്റ്റഡിയിലെടുത്തതായി ഖത്രി ആരോപിച്ചു. ഏകദേശം 12:30ഓടെ അവര്‍ എന്നെ വിട്ടയച്ചു. പക്ഷേ എന്റെ മകന്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്. ഞാന്‍ ഒരു മുസ് ലിം ആയതിനാലാണ് എന്റെ വീടും കെട്ടിടവും തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടം പൊളിച്ച ശേഷം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ശിവാംഗി ജോഷി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധര്‍ക്കുള്ള മുന്നറിയിപ്പായാണ് കെട്ടിടം പൊളിക്കുന്നത്. വീട്ടില്‍ നിന്ന് വാളുകളും കത്തികളും കണ്ടെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം പൊളിക്കല്‍ തുടരുമെന്നും അവര്‍ പറഞ്ഞതായി ദി വയര്‍ റിപോര്‍ട്ട് ചെയ്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പോലിസ് മുസ് ലിംകളെ ലക്ഷ്യമിടുന്നതായും ധാര്‍ ജില്ലാ ഷെഹറെ ഖാസിബ് ജമീല്‍ സിദ്ദിഖി പറഞ്ഞു. 'ഇരുവശത്തുനിന്നും കല്ലേറുണ്ടായി. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഞങ്ങള്‍ പോലിസിനോട് അഭ്യര്‍ത്ഥിക്കുന്നുു. അക്രമവുമായി ഒരു ബന്ധവുമില്ലാത്ത ഖലീല്‍ ഖത്രിയുടെ വീട് ജില്ലാ ഭരണകൂടം തകര്‍ത്തു. സമീപത്ത് നിര്‍മിച്ച വീടുകള്‍ക്കൊന്നും നിര്‍മാണാനുമതി ഇല്ല. സമയം നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് അനുമതി നേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ നീതിപൂര്‍വം ആകണമെന്ന് ആവശ്യപ്പെട്ട് മുസ് ലിംകളുടെ ഒരു പ്രതിനിധി സംഘം ധര്‍ എസ്പിയുമായും ഇന്‍ഡോര്‍ ഐജിയുമായും കൂടിക്കാഴ്ച നടത്തി.

വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന കലാപങ്ങള്‍, പ്രതിഷേധങ്ങള്‍, റാലികള്‍ എന്നിവയ്ക്കിടെ നാശനഷ്ടമുണ്ടായ പൊതുസ്വകാര്യ സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ പ്രാപ്തമാക്കുന്ന 2021 ലെ പൊതു, സ്വകാര്യ സ്വത്ത് വീണ്ടെടുക്കല്‍ ബില്ല് മധ്യപ്രദേശ് സര്‍ക്കാര്‍ വെള്ളിയാഴ്ച പാസാക്കിയിട്ടുണ്ട്. ബില്ല് നിയമസഭയില്‍ പാസ്സാക്കിയ ശേഷം സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതും കൂടി കൂട്ടിവായിക്കേണ്ടതാണ്. താന്‍ നേരത്തെ പറഞ്ഞതുപോലെ, ആരുടെയെങ്കിലും വീടുകളില്‍ നിന്ന് കല്ലെറിയുകയും പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നവരും ഇപ്പോള്‍ നിയമത്തിന്റെ പരിധിയില്‍ വരും. അവരെ ഒഴിവാക്കില്ല. സാമൂഹിക വിരുദ്ധരും കലാപമുണ്ടാക്കുന്നവരും ഇനി നിയമത്തെ ഭയക്കാനാണ് ബില്ലും കൊണ്ടുവന്നതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍, പോലിസ് വിലക്ക് ലംഘിച്ച് റാലിയും അക്രമവും നടത്തിയ വിഎച്ച്പിക്കാര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

Tags:    

Similar News