പശുക്കശാപ്പ് ആരോപിച്ച് വീട് റെയ്ഡ് ചെയ്യുന്നതിനിടെ എസ്‌ഐയുടെ വെടിയേറ്റ് പോലിസുകാരന്‍ കൊല്ലപ്പെട്ടു

അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് പോലിസ്; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Update: 2024-07-18 12:53 GMT

അലിഗഡ്: പശുക്കശാപ്പ് ആരോപിച്ച് വീട് റെയ്ഡ് ചെയ്യുന്നതിനിടെ യുപിയില്‍ എസ്‌ഐയുടെ വെടിയേറ്റ് പോലിസുകാരന്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ പിസ്റ്റളില്‍ നിന്ന് തലയ്ക്ക് വെടിയേറ്റ് പോലിസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് യഅ്ക്കൂബ് കൊല്ലപ്പെട്ടത്. അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ മുഹമ്മദ് യഅ്ക്കൂബിന്റെ കുടുംബം രംഗത്തെത്തി. അലിഗഡ് ജില്ലയിലെ ഗവാനയില്‍ രാത്രി ബുധനാഴ്ച രാത്രി 9.10ഓടെയാണ് സംഭവം. പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഗോക്ഷി എന്നയാള്‍ പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബുലന്ദ്ഷഹറിലെ വീട്ടില്‍ രാത്രി പോലിസുകാരെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലുണ്ടായപ്പോള്‍ എസ് ഐ രാജീവ് കുമാര്‍ പിസ്റ്റള്‍ പുറത്തെടുത്തപ്പോഴാണ് അബദ്ധത്തില്‍ വെടി പൊട്ടിയതെന്നാണ് പോലിസ് പറയുന്നത്. തലയ്ക്ക് വെടിയേറ്റ കോണ്‍സ്റ്റബിള്‍ മുഹമ്മദ് യഅ്ക്കൂബിനെ ഉടന്‍ തന്നെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും


Full View

മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി എസ്എസ്പി സഞ്ജീവ് സുമന്‍ പറഞ്ഞു. എസ് ഐ രാജീവ് കുമാറിനു വയറില്‍ പരിക്കേറ്റതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ്. വെടിയുണ്ട എസ് ഐയുടെ വയറ്റില്‍ തുളച്ചുകയറിയ ശേഷമാണ് യഅ്ക്കൂബിന്റെ തലയില്‍ പതിച്ചതെന്നും പോലിസ് പറയുന്നുണ്ട്. പരിശോധനയ്ക്കിട തന്റെ പിസ്റ്റള്‍ കുടുങ്ങിപ്പോയെന്നും അത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും എസ്‌ഐ രാജീവ് കുമാര്‍ പറഞ്ഞു.

    അതേസമയം, സംഭവം സംശയകരമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യാക്കൂബിന്റെ പിതാവ് രംഗത്തെത്തി. തോക്ക് ശരിയാക്കുന്നതിനിടെ വെടിയുണ്ട എന്റെ മകന്റെ തലയില്‍ പതിച്ചെന്നാണ് പോലിസ് ഞങ്ങളോട് പറഞ്ഞത്. വെടിയുണ്ട അവന്റെ തലയില്‍ പതിച്ചത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്നും പിതാവ് പറഞ്ഞു. വെടിയുണ്ട എസ്‌ഐയുടെ വയറില്‍ തുളച്ചുകയറുകയും കോണ്‍സ്റ്റബിള്‍ യഅ്ക്കൂബിന്റെ തലയില്‍ പതിയുകയും ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് യഅ്ക്കൂബിന്റെ കുടുംബാംഗം പറഞ്ഞു. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസിയും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചു. അബദ്ധത്തില്‍ പിസ്റ്റളില്‍നിന്ന് വെടിപൊട്ടി എസ്‌ഐയുടെ വയറില്‍ തുളച്ചുകയറുകയും യഅ്ക്കൂബിന്റെ തലയില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ വെടിപൊട്ടിയ സമയം യഅ്ക്കൂബിന്റെ ശരീരത്തിന്റെ സ്ഥാനം എവിടെയായിരിക്കും. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. പശുക്കടത്ത് സംഘത്തെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് എസ്ഒജിയും രണ്ട് പോലിസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരുമാണ് റെയ്ഡ് നടത്തിയതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് സഞ്ജീവ് സുമന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.

Tags:    

Similar News