ഏകസിവില്‍ കോഡ്: പ്രതിരോധം തീര്‍ക്കാന്‍ ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ്

Update: 2023-06-28 10:06 GMT

ന്യൂഡല്‍ഹി: ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുമെന്ന വിധത്തിലുള്ള പ്രധാനമന്ത്രി ഏകസിവില്‍ കോഡിന്റെ പ്രസംഗത്തിനു പിന്നാലെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ്. ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കാന്‍ ഇന്നലെ രാത്രി ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിഷയത്തില്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള വിശദമായ രേഖയും തയ്യാറാക്കി. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗം ഏകസിവില്‍ കോഡിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തു. അഭിഭാഷകരും നിയമവിദഗ്ധരും ഉന്നയിച്ച കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് തങ്ങളുടെ അഭിപ്രായങ്ങള്‍ നിയമ കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.   

Full View

രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു നരേന്ദ്രമോദിയുടെ കഴിഞ്ഞ ദിവസത്തെ ഭോപ്പാല്‍ പ്രസംഗം. രണ്ടു നിയമവുമായി രാജ്യം എങ്ങനെ മുന്നോട്ടുപോവുമെന്നും രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഭരണഘടനയും സുപ്രിംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ബിജെപി പരിപാടിയില്‍ മോദി പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒട്ടേറെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതാദ്യമായാണ്

    വിഷയത്തില്‍ പ്രധാനമന്ത്രി ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. പുതിയ നിയമകമ്മീഷന്റെ അനുകൂല നിലപാട് കാരണം ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ധൃതിപിടിച്ച നീക്കം നടക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. ഏകസിവില്‍കോഡ് വിഷയത്തില്‍ ജൂലൈ 14നകം അഭിപ്രായം അറിയിക്കണമെന്ന് നിയമ കമ്മീഷന്‍ പൊതുജനങ്ങളോടും സംഘടനകളോടും ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഏകസിവില്‍കോഡ് കൊണ്ടുവന്ന് അതുവഴി രാജ്യത്തിന്റെ അധികാരം വീണ്ടും കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് അര്‍ധരാത്രിയില്‍ ഓണ്‍ലൈനായി നിര്‍വാഹക സമിതി യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്‌ലിം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഏക സിവില്‍ കോഡ് അനാവശ്യവും അപ്രായോഗികവും ബഹുസ്വരമായ രാഷ്ട്രത്തിന് തീര്‍ത്തും ഹാനികരവുമാണെന്ന് യോഗത്തിനുശേഷം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചു. അനാവശ്യ കാര്യത്തിനുവേണ്ടി രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കുകയും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യരുതെന്ന് വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയാണ് ഏക സിവില്‍കോഡ് നടപ്പാക്കുന്നതെന്ന് പേഴ്‌സനല്‍ ബോര്‍ഡ് അധ്യക്ഷന്‍ ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വിഷയം ഉയര്‍ത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ കുടുംബനിയമങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണഘടനയിലെ വിവിധ വകുപ്പുകള്‍ പാര്‍ലമെന്റിനെ വിലക്കിയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

    ഏകസിവില്‍ കോഡിനെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തി. ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ എങ്ങനെ പ്രയോഗികമാകുമെന്നും രണ്ട് നിയമങ്ങളുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ കുടുംബവും രാജ്യവും ഒരു പോലെയല്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രക്തബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍ ഭരണഘടനയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകസിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത്. ഭരണത്തില്‍ പരാജയപ്പെട്ട ബിജെപി ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി. നേരത്തേ സിപിഎമ്മും ഏകസിവില്‍കോഡിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയും ഏക സിവില്‍ കോഡ് തയ്യാറാക്കാന്‍ ഒരു പാനലിനെ അനുവദിക്കുന്ന സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഉപരിസഭകളില്‍ ബില്ല് അവതരിപ്പിച്ചിരുന്നില്ല.

Tags:    

Similar News