ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധം; മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തരാഖണ്ഡ്, യു.പി സംസ്ഥാന സര്‍ക്കാറുകളുടെയും നീക്കം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി.

Update: 2022-04-27 06:08 GMT

ലഖ്‌നൗ: ഏക സിവില്‍ കോഡില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തരാഖണ്ഡ്, യു.പി സംസ്ഥാന സര്‍ക്കാറുകളുടെയും നീക്കം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി.

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് ഈ വിഷയം കൊണ്ടുവന്നതെന്നും ഈ തീരുമാനം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.

രാജ്യത്തെ ഓരോ പൗരനും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുടേയും കേന്ദ്രസര്‍ക്കാരിന്റേയും ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള സംസാരം വെറും വാചാടോപം മാത്രമാണ്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, തകരുന്ന സമ്പദ് ഘടന, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എല്ലാവര്‍ക്കുമറിയാമെന്ന് റഹ്മാനി കൂട്ടിച്ചേര്‍ത്തു.

'യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഏക സിവില്‍ കോഡ് പ്രശ്‌നം കൊണ്ടുവന്നത്. ഈ ഭരണഘടനാ വിരുദ്ധ നീക്കം മുസ്‌ലിംകള്‍ക്ക് ഒട്ടും സ്വീകാര്യമല്ല. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇതിനെ ശക്തമായി അപലപിക്കുകയും ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു' -അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ യുസിസിയെ ഒരു നല്ല ആശയമാണെന്ന് പ്രശംസിക്കുകയും അത് നടപ്പിലാക്കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്ന് പറയുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് റഹ്മാനിയുടെ പ്രസ്താവന. യുസിസിയുടെ കരട് തയ്യാറാക്കാന്‍ ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കുമെന്നും സംസ്ഥാനത്തെ സാമുദായിക സമാധാനം ഒരു കാരണവശാലും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും പറഞ്ഞു.

2021 നവംബറില്‍ അലഹബാദ് ഹൈക്കോടതി യുസിസി നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നു.മിശ്രവിശ്വാസികളായ ദമ്പതികളുടെ സംരക്ഷണം സംബന്ധിച്ച 17 ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് സുനീത് കുമാറിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടത്തുന്നത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനാണ്് ബിജെപി ലക്ഷ്യമിടുന്നത്.

Tags:    

Similar News