ഹിന്ദുത്വരുടെ ഭീഷണി; ബില്‍ക്കിസ് ബാനുവിന്റെ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങള്‍ നാട് വിടുന്നു

Update: 2022-08-24 06:27 GMT

അഹമ്മദാബാദ്: ഹിന്ദുത്വരുടെ ഭീഷണിയെത്തുടര്‍ന്ന് ബില്‍ക്കിസ് ബാനുവിന്റെ ഗുജറാത്തിലെ ഗ്രാമത്തില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങള്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളുടെ മോചനത്തിന് പിന്നാലെയാണ് ഹിന്ദുത്വര്‍ മുസ്‌ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ഇതോടെ ഗ്രമാത്തിലെ മുസ്‌ലിംകള്‍ സുരക്ഷിതത്വം ഭയന്ന് വീടുകളുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പ്രതികളുടെ മോചനത്തിന് ശേഷം ഗുജറാത്തിലെ ദാഹോദ് മേഖലയില്‍ ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് പ്രദേശ വാസികള്‍ പറയുന്നു. 50- 70 മുസ്‌ലിം കുടുംബങ്ങള്‍ ഇതിനകം വീടൊഴിഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.

ഗ്രാമവാസികള്‍ തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് വീട് വിടുകയാണ്- ബില്‍ക്കിസ് ബാനുവിന്റെ അമ്മാവന്‍ അയ്യൂബ് ബിബിസിയോട് പറഞ്ഞു. ഗ്രാമത്തില്‍ ജോലി ചെയ്യുന്നവര്‍ പകല്‍ ഗ്രാമത്തിലെത്തുകയും രാത്രിയില്‍ മടങ്ങുകയുമാണ് ചെയ്യുന്നത്. ഗ്രാമത്തിലെ ചിലര്‍ കുറ്റവാളികളുടെ മോചനം ആഘോഷിക്കുകയും ഉച്ചഭാഷിണിയില്‍ സംഗീതം ആലപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. തങ്ങള്‍ എല്ലാവരും ഭയപ്പാടിലാണ്. ആരെങ്കിലും തങ്ങളെ കൊല്ലാന്‍ വന്നാലോ ?- അയ്യൂബ് കൂട്ടിച്ചേര്‍ത്തു.

തന്റെ കുടുംബമുള്‍പ്പെടെ ഗ്രാമത്തിലെ മുസ്‌ലിംകളെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയെന്നും അതിനുശേഷം അവര്‍ ഗ്രാമം വിട്ടെന്നും ഗ്രാമത്തിലെ മറ്റൊരു പ്രദേശവാസിയായ റസ്സാഖ് സാക്ഷ്യപ്പെടുത്തുവന്നു. തങ്ങള്‍ ഇവിടെ ജീവിക്കാന്‍ ഭയപ്പെടുന്നു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ?- റസ്സാഖിന്റെ വാക്കുകള്‍ പാതിവഴിയില്‍ മുറിഞ്ഞു. ഗ്രാമവാസികള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രന്ധിക്പൂര്‍ ഗ്രാമത്തിലെ ഷാരൂഖ് ഷെയ്ഖ് അഭിപ്രായപ്പെട്ടു. തങ്ങള്‍ ഭയപ്പെടുന്നു.

മോചിതരായ ശേഷം കുറ്റവാളികളുടെ ഭാഗത്തുനിന്നുള്ള അക്രമം ഭയന്ന് നിരവധി ആളുകള്‍ ഗ്രാമം വിട്ടുപോയി. കുറ്റവാളികളെ ജയിലില്‍ അടയ്ക്കാനും ഗ്രാമവാസികള്‍ക്ക് സുരക്ഷ നല്‍കാനും തങ്ങള്‍ കലക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്- ഷെയ്ഖ് പിടിഐയോട് പറഞ്ഞു. 70 മുസ്‌ലിം കുടുംബങ്ങള്‍ ഭയപ്പാടിലാണ് കഴിയുന്നത്. പലരും വീടുവിട്ടിറങ്ങി ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടേയും കൂടെ മറ്റ് പ്രദേശങ്ങളില്‍ താമസിക്കാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. രണ്‍ധിക്പൂരിലെ നിരവധി നിവാസികള്‍ ദൈനംദിന ജോലികള്‍ പോലും ചെയ്യാനാവാതെ ഗ്രാമത്തിന് പുറത്തേക്ക് പോവുകയാണെന്ന് ദഹോദ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയ നിവേദനത്തില്‍ ഗ്രാമ വാസികള്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെ ഭയക്കുന്നതിനാലാണ് നാടുവിടുന്നത്. 11 പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ അവര്‍ മടങ്ങിവരില്ലെന്നും നിവേദനത്തില്‍ പറയുന്നു. പ്രതികളുടെ മോചനത്തിന് പിന്നാലെ പോലിസ് ഗ്രാമത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലര്‍ സ്ഥലം മാറിപ്പോയതായി സമ്മതിച്ചെങ്കിലും പലായനം ചെയ്തത് പോലിസ് നിഷേധിച്ചു. കുറ്റവാളികള്‍ പ്രദേശത്തില്ലെന്ന് പോലിസ് പറഞ്ഞു. പ്രാദേശിക ആളുകളുമായി സംസാരിച്ചതിന് ശേഷം നിശ്ചിത സ്ഥലങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്- ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ആര്‍ ബി ദേവ്ധ പറഞ്ഞു.

ചില ഗ്രാമീണര്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് മറ്റ് പട്ടണങ്ങളില്‍ ബന്ധുക്കളോടൊപ്പം താമസിക്കാന്‍ പോയിട്ടുണ്ട്. പോലിസ് രണ്‍ധിക്പൂരിലെ ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ ആശങ്കകള്‍ പരിഹരിക്കും. ശിക്ഷിക്കപ്പെട്ട 11 പേരും രണ്‍ധിക്പൂരിനടുത്തുള്ള സിംഗ്വാദ് ഗ്രാമത്തിലെ സ്വദേശികളാണെന്നും അവര്‍ പ്രദേശത്തില്ലെന്നും ദഹോദ് എസ്പി ബല്‍റാം മീണ പറഞ്ഞു. ആഗസ്ത് 15 നാണ് കുറ്റവാളികളെ വിട്ടയച്ചത്. ഇത്രയും ദിവസമായി. എന്തെങ്കിലും പലായനം നടന്നിരുന്നെങ്കില്‍ അറിയുമായിരുന്നു. മോചിതരായ പ്രതികള്‍തന്നെ പ്രദേശത്തില്ല. അവര്‍ പോയിരിക്കുന്നു. പ്രദേശവാസികള്‍ക്ക് പേടിക്കാനും ഓടിപ്പോവാനുമുള്ള ഒരു കാരണവും തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല- മീണ കൂട്ടിച്ചേര്‍ത്തു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2008ല്‍ 11 പേരെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. പ്രതികളിലൊരാളുടെ ഹരജി പരിഗണിച്ച്, ഈ വര്‍ഷമാദ്യം സുപ്രിംകോടതി അവരുടെ ശിക്ഷാ ഇളവ് പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഏകകണ്ഠമായി അവരെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്യുന്ന പാനല്‍ രൂപീകരിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അവരെ വിട്ടയക്കാന്‍ ഉത്തരവിടുകയും കുറ്റവാളികള്‍ ആഗസ്ത് 15 ന് മോചിതരാവുകയും ചെയ്തു.

Tags:    

Similar News