കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍; ഭൂമി പോക്കുവരവിനായി വാങ്ങിയത് 15,000 രൂപ

കോട്ടയം ജില്ലയില്‍ വിജിലന്‍സ് നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ആനിക്കാട് സ്വദേശി എബ്രഹാം ജോണ്‍ ആണ് ജേക്കബ് തോമസിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയത്. പട്ടയം ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലേറെ തവണ സമീപിച്ചിട്ടും വില്ലേജ് ഓഫിസര്‍ തയ്യാറായില്ല.

Update: 2022-09-02 19:04 GMT

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. ഭൂമി പോക്കുവരവിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോട്ടയം ജില്ലയില്‍ വിജിലന്‍സ് നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.  ആനിക്കാട് സ്വദേശി എബ്രഹാം ജോണ്‍ ആണ് ജേക്കബ് തോമസിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയത്. പട്ടയം ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലേറെ തവണ സമീപിച്ചിട്ടും വില്ലേജ് ഓഫിസര്‍ തയ്യാറായില്ല.

15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ പരാതിക്കാരന്‍ 15,000 രൂപയുമായി വില്ലേജ് ഓഫിസിലെത്തി. വില്ലേജ് ഓഫിസര്‍ ജേക്കബ് തോമസിന് ഈ തുക കൈമാറി.

ഓഫീസിന് സമീപം പതിയിരുന്ന വിജിലന്‍സ് സംഘം തൊട്ടു പിന്നാലെ ജേക്കബ് തോമസിനെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫിസറെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ ജേക്കബ് തോമസിനെ റിമാന്‍ഡ് ചെയ്തു.

അതേ സമയം, കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയിരുന്നു. അരൂര്‍ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് പിടിയിലായത്. എരമല്ലൂര്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കാനാണ് കൈകൂലി മണിയപ്പന്‍ ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കെട്ടിട ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങവേയാണ് പഞ്ചായത് സെക്രട്ടറിയെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.

Tags:    

Similar News