'പള്ളികള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ഉറങ്ങിയിട്ടില്ല'; ത്രിപുരയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളുമായി അല്‍ ജസീറ റിപ്പോര്‍ട്ട്
ത്രിപുരയിലെ ഹിന്ദുത്വ ആക്രമണ സംഭവങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതാണ് അല്‍ ജസീറ റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ് ലിംകള്‍ക്ക് എതിരേ നടന്ന ഹിന്ദുത്വ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയിലെ റിപ്പോര്‍ട്ട്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് അല്‍ ജസീറ പ്രതിനിധി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിജെപി ഭരണത്തില്‍ ത്രിപുരയില്‍ മുസ് ലിംകള്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. ത്രിപുരയിലെ ഹിന്ദുത്വ ആക്രമണ സംഭവങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതാണ് അല്‍ ജസീറ റിപ്പോര്‍ട്ട്.
ത്രിപുരയില്‍ 16 പള്ളികള്‍ക്ക് നേരെ ആക്രമണം അരങ്ങേറിയതായും മുസ് ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കയിടങ്ങളിലും രാത്രിയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. പുറത്ത് നിന്നുള്ളവര്‍ ഗ്രാമങ്ങളിലെത്തി പള്ളികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പലയിടത്തും ശബ്ദം കേട്ട് ഗ്രാമീണര്‍ ഉണര്‍ന്നതോടെ അക്രമികള്‍ രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 23ന് രാത്രി 10 മണിയോടെ ത്രിപുരയിലെ ലിറ്റണ്‍മിയയില്‍ അക്രമികള്‍ പള്ളി കത്തിക്കാന്‍ ശ്രമിച്ചത് ഒരു ഗ്രാമീണന്‍ വിശദീകരിക്കുന്നുണ്ട്. അക്രമികള്‍ പള്ളിമുറ്റത്തെ വിറകുകളും നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന പായകളും അഗ്നിക്കിരയാക്കി. പള്ളിയുടെ അകത്തേക്ക് മണ്ണണ്ണ ഒഴിച്ച് പള്ളി പൂര്‍ണമായും കത്തിക്കാനും ശ്രമം നടന്നിരുന്നു. എന്നാല്‍, ശബ്ദം കേട്ട് ഗ്രാമീണര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് പ്രതികാരമായാണ് വിശ്വഹിന്ദു പരിഷത്തിന്റേയും (വിഎച്ച്പി) മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണം അരങ്ങേറിയത്. ഹിന്ദുത്വ സംഘടനകള്‍ ത്രിപുരയില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും മുസ് ലികള്‍ക്കും പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങളും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഇന്ത്യയെ ഹിന്ദു രാജ്യമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ സംഘടനകളും അതിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസ്സുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ രാജ്യം ഭരിക്കുന്ന ബിജെപിയുടെ മിക്ക മുന്‍നിര നേതാക്കളും രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ആര്‍എസ്എസ്സിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ത്രിപുര നിലവില്‍ ഭരിക്കുന്നത് മോദിയുടെ ബിജെപിയാണ്. ത്രിപുരയില്‍ 3.7 ദശലക്ഷം ജനസംഖ്യയുള്ള മുസ് ലിംകള്‍, സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ത്രിപുരയിലെ മുസ് ലിംകള്‍ക്കും മുസ്‌ലിം പള്ളികളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പരമ്പര ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭയവും ആശങ്കയും ഉളവാക്കിയിട്ടുണ്ട്'. ത്രിപുരയില്‍ ഏറെ സ്വാധീനമുള്ള മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്റെ ഒരു വിഭാഗത്തിന്റെ തലവനായ മുഫ്തി അബ്ദുള്‍ മോമിന്‍ പറഞ്ഞു. 16 മുസ് ലിം പള്ളികള്‍ക്ക് നേരെ ആക്രമണം അരങ്ങേറി. രാത്രിയിലാണ് മിക്ക സംഭവങ്ങളും നടന്നതെന്നും അക്രമികളെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ലെന്നും മോമിന്‍ പറഞ്ഞു.
'ഞങ്ങള്‍ ഈ ദിവസങ്ങളില്‍ രാത്രി ഉറങ്ങാറില്ല. ഗ്രാമത്തിന്റെ കാവലിനായി ഞങ്ങള്‍ ആറോ ഏഴോ പേര്‍ പുലര്‍ച്ചെ വരെ എഴുന്നേറ്റിരിക്കുന്നു,' പാനിസാഗറിലെ ചാംതില്ല പ്രദേശത്തെ സര്‍ക്കാര്‍ ജീവനക്കാരനായ നജ്‌റുല്‍ ഇസ്‌ലാം അല്‍ ജസീറയോട് പറഞ്ഞു.
വടക്കന്‍ ത്രിപുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാനിസാഗര്‍ പട്ടണത്തിലാണ് ഒക്‌ടോബര്‍ 26 ന് ഏറ്റവും കൂടുതല്‍ തീവെപ്പും നശീകരണവും നടന്നത്. വിഎച്ച്പി റാലിക്കിടെയാണ് അക്രമം നടന്നതെന്ന് പ്രദേശവാസികളും പോലിസും പറയുന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് റാലി ചാംതില്ല മേഖലയിലൂടെ കടന്നുപോയതെന്ന് നജ്‌റുല്‍ ഇസ്‌ലാം പറഞ്ഞു. 'ജനക്കൂട്ടം പ്രവാചകനെതിരെ പ്രകോപനപരവും നിന്ദ്യവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. പെട്ടെന്ന്, അവരില്‍ നാല്‍പതോള്‍ പേര്‍ പള്ളിക്ക് നേരെ വന്ന് അത് തകര്‍ത്തു,' അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു.
ഇടപെട്ടാല്‍ ആള്‍ക്കൂട്ടം തങ്ങള്‍ക്ക് നേരെ തിരിയുമെന്ന് ഭയന്ന് നജ്‌റുല്‍ ഇസ്‌ലാമും മറ്റ് നാട്ടുകാരും അക്രമ സംഭവങ്ങള്‍ നോക്കി നിന്നു. അക്രമികള്‍ പള്ളിയുടെ ജനല്‍ ചില്ലുകളും സീലിംഗ് ഫാനുകളും തകര്‍ത്തു.
'വലിയ വിലക്ക് വില്‍ക്കാറുള്ള അഗര്‍ (അക്വിലേറിയ) മരങ്ങള്‍ പോലും അക്രമികള്‍ ഒഴിവാക്കിയില്ല, പള്ളിയുടെ മുറ്റത്തെ മരങ്ങള്‍ ജനക്കൂട്ടം കടപുഴകി'. അദ്ദേഹം പറഞ്ഞു.
ചാംതില്ലയിലെ മസ്ജിദ് ആക്രമിച്ചതിന് ശേഷം റാലി റോവയിലേക്ക് നീങ്ങി, കുറച്ച് അകലെയുള്ള മുസ് ലിംകള്‍ പ്രാദേശിക പള്ളിയില്‍ ഒത്തുകൂടി.
'റാലിയുടെ ഭാഗമായിരുന്നവരില്‍ ചിലര്‍ പള്ളിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പോലിസും ഗ്രാമത്തിലെ ചില ഹിന്ദുക്കളും അവരെ തടഞ്ഞു,' പ്രാദേശിക മാര്‍ക്കറ്റില്‍ ഒരു കട ഉടമയായ സനോഹര്‍ അലി അല്‍ ജസീറയോട് പറഞ്ഞു.
തുടര്‍ന്ന്, ഹിന്ദുത്വര്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള രണ്ട് വീടുകള്‍ ആക്രമിക്കുകയും മുസ് ലിംകളുടെ കടകള്‍ കത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. മാര്‍ക്കറ്റിലെ അരഡസനോളം കടകള്‍ പൂര്‍ണമായോ, ഭാഗികമായോ കത്തിനശിച്ചു. പാദരക്ഷകളും വസ്ത്രങ്ങളും വില്‍ക്കുന്ന തന്റെ കത്തിക്കരിഞ്ഞ കടയ്ക്കുള്ളില്‍ നിന്ന് കൊണ്ട് അലി പറഞ്ഞു. 'ഹിന്ദുത്വ ആക്രമണം ഒരു മണിക്കൂറിലേറെ നീണ്ടു. പോലിസിന് അവരെ തടയാന്‍ കഴിഞ്ഞില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ് ലികളാണ് അക്രമത്തിന് കാരണമെന്ന് വിഎച്ച്പി നേതാവ് ബിജിത് റോയ് പറഞ്ഞു. പള്ളികളിലെ ഉച്ചഭാഷണിയിലൂടെ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നും പാക്കിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചെന്നും വിഎച്ച്പി നേതാവ് പ്രചാരണം നടത്തി. അതിനെ തുടര്‍ന്ന് ചിലര്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നും ബിജിത് റോയ് അല്‍ ജസീറയോട് പറഞ്ഞു.
എന്നാല്‍, സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും മുസ് ലിംകളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്തെ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പോലിസുകാര്‍ കുറവായത് കൊണ്ട് അക്രമികളെ തടയാനാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ റാലിക്ക് അനുമതി നല്‍കുമ്പോള്‍ പറഞ്ഞ വ്യവസ്ഥകള്‍ വിഎച്ച്പി ലംഘിച്ചു.
അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാല് പ്രദേശവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അയാള്‍ ഒളിവിലാണെന്നും പോലിസ് പറഞ്ഞു. പ്രാദേശിക മുസ് ലിം പള്ളിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു പഴയ അര്‍ദ്ധസൈനിക ക്യാംപിന്റെ കാമ്പസിലെ ഉപേക്ഷിക്കപ്പെട്ട ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പള്ളി ഒക്ടോബര്‍ 26 ലെ അക്രമത്തിന് നാല് ദിവസം മുമ്പ് ആക്രമിക്കപ്പെട്ടു.
തകര മേല്‍ക്കൂരയുള്ള പള്ളിക്കുള്ളില്‍ മതഗ്രന്ഥങ്ങളും മറ്റ് വസ്തുക്കളും ചാരമായതായും മതിലിന്റെ ഒരു ഭാഗം തകര്‍ന്നതായും പോലിസ് പറഞ്ഞു.
പ്രദേശത്തെ മുസ്‌ലിംകള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന മാത്രം നടത്തുന്ന പള്ളിക്ക് നേരെ ഒക്ടോബര്‍ 22നാണ് ആക്രമണമുണ്ടായതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി പറഞ്ഞു.
ത്രിപുരയിലെ മുസ് ലിംകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) ചൊവ്വാഴ്ച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആക്രമണങ്ങള്‍ തടയാന്‍ യുഎസ്‌സിഐആര്‍എഫ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ത്രിപുരയില്‍ നിന്നുള്ള ആള്‍ക്കൂട്ടം മുസ്‌ലിം പള്ളികള്‍ നശിപ്പിക്കുകയും സ്വത്തുക്കള്‍ കത്തിക്കുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകളില്‍ USCIRF പ്രത്യേകം ആശങ്ക രേഖപ്പെടുത്തി. മതപരമായ അക്രമത്തിന് പ്രേരിപ്പിച്ചതിനും അതില്‍ ഏര്‍പ്പെട്ടതിനും ഉത്തരവാദികളായവരെ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, കൂടുതല്‍ ആക്രമണങ്ങള്‍ തടയണം,' USCIRF ഒരു ട്വീറ്റില്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ്, യുഎസ് സെനറ്റ്, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്ക് മതസ്വാതന്ത്ര്യവും വിദേശനയ ശുപാര്‍ശകളും നല്‍കുന്ന ഒരു സ്വതന്ത്ര കമ്മീഷനാണ് USCIRF.
രണ്ട് വര്‍ഷമായി ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഏറെ ആശങ്കാജനകമാണെന്ന് യുഎസ്‌സിഐആര്‍എഫ് മേധാവി നദീന്‍ മാന്‍സ് അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ത്രിപുര പോലീസ് മേധാവി വിഎസ് യാദവ് അക്രമത്തെ നിസ്സാരവത്കരിക്കുകയും അന്വേഷണം നടക്കുന്ന 'ചെറിയ സംഭവങ്ങള്‍' ആണെന്നും പറഞ്ഞു. നരൗറയിലേത് പോലെയുള്ള പല ശ്രമങ്ങളും പോലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെടുത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.
'കഴിഞ്ഞ ഒരാഴ്ചയായി ഒരു സംഭവവും ഉണ്ടായിട്ടില്ല,' യാദവ് അല്‍ ജസീറയോട് പറഞ്ഞു. അക്രമം, വ്യാജ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതുള്‍പ്പെടെ ഒന്നിലധികം കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇരു ഭാഗത്തുനിന്നും കേസുകളുണ്ട്,' അദ്ദേഹം പറഞ്ഞു.
വിവിധ 'വര്‍ഗീയ സംഭവ കേസുകളില്‍' ആറ് പേരെ അറസ്റ്റ് ചെയ്തതായി ത്രിപുര പോലിസ് വ്യാഴാഴ്ച പറഞ്ഞു. വടക്കന്‍ ത്രിപുര ജില്ലയില്‍ 'രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നതിനായി ദുരുദ്ദേശ്യപരമായ പ്രചരണം നടത്തിയതിന്' മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തു.
അതേസമയം, വസ്തുതാന്വേഷണ ദൗത്യത്തിന്റെ ഭാഗമായി ത്രിപുരയിലെത്തിയ സംഘത്തിലെ രണ്ട് അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ത്രിപുര പോലിസിന് മുമ്പാകെ ഹാജരാകാനും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ് നീക്കം ചെയ്യാനും അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടെന്ന് ആരോപിച്ച് 71 പേര്‍ക്കെതിരേ ത്രിപുര പോലിസ് കേസെടുത്തിട്ടുണ്ട്.