ത്രിപുരയില്‍ ഹിന്ദുത്വ അതിക്രമം; സത്യത്തെ യുഎപിഎ കൊണ്ട് നിശബ്ദമാക്കാനാവില്ലെന്ന് രാഹുല്‍ഗാന്ധി
ത്രിപുരയില്‍ മസ്ജിദുകള്‍ക്ക് നേരെയുണ്ടായ സംഘര്‍ഷങ്ങളിലും ആക്രമണങ്ങളിലും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് പ്രതികരണം.
ന്യൂഡല്‍ഹി: ത്രിപുരയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തി കേസെടുക്കുന്നതിലൂടെ സത്യത്തെ നിശ്ശബ്ദമാക്കാനാകില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'സന്ദേശവാഹകരെ വെടിവയ്ക്കുക' എന്നതാണ് ബിജെപിയുടെ പ്രിയപ്പെട്ട മറച്ചുവെക്കല്‍ തന്ത്രമെന്ന് അദ്ദേഹം ആരോപിച്ചു.
ത്രിപുരയില്‍ മസ്ജിദുകള്‍ക്ക് നേരെയുണ്ടായ സംഘര്‍ഷങ്ങളിലും ആക്രമണങ്ങളിലും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് പ്രതികരണം.
'ത്രിപുര കത്തുന്നതായി ചൂണ്ടിക്കാണിക്കുന്നത് തിരുത്തല്‍ നടപടിക്കുള്ള ആഹ്വാനമാണ്. എന്നാല്‍ ബിജെപിയുടെ പ്രിയപ്പെട്ട മറച്ചുവെക്കല്‍ തന്ത്രം സന്ദേശവാഹകരെ വെടിവച്ചുകൊല്ലുക എന്നതാണ്. യുഎപിഎ കൊണ്ട് സത്യത്തെ നിശ്ശബ്ദമാക്കാനാകില്ല,' ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
102 സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ത്രിപുര പോലിസ് ശനിയാഴ്ച കേസെടുത്തിരുന്നു.അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അവരുടെ മുഴുവന്‍ വിവരങ്ങളും അറിയിക്കാനും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് അധികൃതര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
വസ്തുതാന്വേഷണം സംഘങ്ങള്‍ക്കൊപ്പം ത്രിപുര സന്ദര്‍ശിച്ച ത്രിപുര സന്ദര്‍ശിച്ച സുപ്രിംകോടതി അഭിഭാഷകര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്തതിനു പിന്നാലെയാണ് ഈ നടപടി.