കേന്ദ്രസര്‍ക്കാരിനെതിരേ പണിമുടക്ക്: സമരക്കാര്‍ക്കെതിരേ നടപടി ശക്തമാക്കി റെയില്‍വേ

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങി സിപിഎം നേതാക്കളടക്കമുള്ള 2000ലേറെ പേര്‍ക്കെതിരേ ശക്തമായ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് റെയില്‍വേ സുരക്ഷാ സേന കേസെടുത്തിരിക്കുന്നത്.

Update: 2019-01-11 05:24 GMT
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ നടപടി ശക്തമാക്കി റെയില്‍വേ. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങി സിപിഎം നേതാക്കളടക്കമുള്ള 2000ലേറെ പേര്‍ക്കെതിരേ ശക്തമായ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് റെയില്‍വേ സുരക്ഷാ സേന കേസെടുത്തിരിക്കുന്നത്. കൂടുതല്‍ നേതാക്കള്‍ക്കെതിരേ കേസെടുക്കാനും ആര്‍പിഎഫ് ഉദ്ദേശിക്കുന്നതായും വിവരമുണ്ട്. പത്രങ്ങളിലും ഓണ്‍ലൈന്‍, ടിവി തുടങ്ങിയ മാധ്യമങ്ങളിലും വന്ന ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആര്‍പിഎഫ് ശേഖരിച്ചു. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിനും റെയില്‍വേയുടെ സ്ഥലത്ത് അതിക്രമിച്ചു കടന്നതിനും യാത്രക്കാരെ ശല്യം ചെയ്തതിനും റെയില്‍വേ ജീവക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കിയെന്നതടക്കമുള്ള നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ മൂന്നര വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനും അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. അതോടെ സമരക്കാര്‍ വന്‍തുക പിഴ അടക്കുകയും ചെയ്യേണ്ടി വരും. സമരങ്ങളുടെ ഭാഗമായി ട്രെയിന്‍ തടയാറുണ്ടെങ്കിലും ഇത്തരത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നത് അപൂര്‍വമാണ്. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിനുള്ള 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തിയ ഇടതു നേതാക്കളെയും പ്രവര്‍ത്തകരെയും പാഠം പഠിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെന്നാണ് വിലയിരുത്തല്‍.
Tags:    

Similar News