നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി; ഒരു മണിക്കൂര്‍ മുമ്പ് അനുമതി വാങ്ങണം
ന്യൂഡല്‍ഹി: അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ അനുമതി. അടുത്ത വര്‍ഷം മുതലുള്ള നീറ്റ് പരീക്ഷകള്‍ക്കാണ് ഹിജാബ്, ബുര്‍ഖ, കൃപാണ്‍, കര തുടങ്ങിയവ ധരിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇത്തരത്തിലുള്ളവ ധരിച്ച് പരീക്ഷയെഴുതുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് ദി ടൈസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഇതിനുപുറമെ, ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ പ്രവേശന കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് തന്നെ അനുമതി തേടണം.
നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ഉള്‍പ്പെടെയുള്ളവ ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയത് വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. ഇതിനെതിരേ ഏതാനും വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായതിനാലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയത്.
അടുത്ത നീറ്റ് പരീക്ഷ 2020 മെയ് മൂന്നിനാണ് തുടങ്ങുന്നത്. ഇന്ന് വൈകീട്ട് നാലുമുതലാണ് നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യുജി 2020ന് അപേക്ഷിക്കാവുന്നത്. പെന്‍, പേപ്പര്‍ രീതിയിലാണ് പരീക്ഷ. എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), ജിപ്മര്‍ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്) ഉള്‍പ്പെടെ ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷയാണ് നീറ്റ്. വിശദമ വിവരങ്ങള്‍ക്ക് https://ntaneet.nic.in/ സന്ദര്‍ശിക്കുക.