നീറ്റ്, ജിഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കാനാവില്ലെന്ന് സുപ്രിം കോടതി
പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു
ന്യൂഡല്‍ഹി: അടുത്തമാസം നടക്കേണ്ട നീറ്റ്, ജിഇഇപരീക്ഷകള്‍ നീട്ടിവയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി തള്ളിക്കൊണ്ട് പരീക്ഷയ്ക്കു അനുമതി നല്‍കിയത്. കൊവിഡിന് എതിരായ വാക്സിന്‍ തയ്യാറാവുന്നത് വരെ NEET, JEE പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. പരീക്ഷകള്‍ നീട്ടിവച്ച് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി പരാമര്‍ശിച്ചു.
കൊവിഡിനിടയിലും ജീവിതം മുന്നോട്ടുപോവേണ്ടതുണ്ട്. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി നീറ്റ് പരീക്ഷ നടത്താമെന്നു സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിക്ക് ഉറപ്പുനല്‍കി. രാജ്യത്തെ സ്ഥിതി സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തമായി അറിയാം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കോടതി മുറികള്‍ പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. അതിനാല്‍ പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷ ഓണ്‍ലൈനില്‍ നടത്തണമെന്ന ആവശ്യം നേരത്തേ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തള്ളിയിരുന്നു. അതേസമയം, ജിഇഇ പരീക്ഷ ഓണ്‍ലൈനായാണു നടക്കുക. ജിഇഇ പരീക്ഷ സപ്തംബര്‍ ആദ്യ വാരവും നീറ്റ് പരീക്ഷ 13നുമാണ് നിശ്ചയിച്ചിട്ടുള്ളത്.
NEET, JEE exam: Supreme Court dismisses request to defer it