കോഴിക്കോട്: ജില്ലയില്‍ നാലുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
പ്രസ്തുതവാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണെന്നും ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വാര്‍ഡുകള്‍ ബാരിക്കേഡ് സ്ഥാപിച്ച് യാത്ര വിലക്കിയിട്ടുണ്ട്.ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാം. കടകള്‍ക്ക് പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് തുറക്കാന്‍ അനുമതി. മരുന്നുഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതുമാണെന്നും അറിയിച്ചിട്ടുണ്ട്. വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണം. ദേശീയപാത, സംസ്ഥാന പാത വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും നിയന്ത്രണമുള്ള വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാില്ല. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും നല്‍കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റിയാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് നിപ സ്ഥിരീകരിച്ചത്.
വിവിധ പഞ്ചായത്തുകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകള്‍:
ആയഞ്ചേരി: 1,2,3,4,5,12,13,14,15
മരുതോങ്കര: 1,2,3,4,5,12,13,14
തിരുവള്ളൂര്‍: 1,2,20
കുറ്റിയാടി: 3,4,5,6,7,8,9,10
കായക്കൊടി: 5,6,7,8,9
വില്യാപ്പളളി: 6,7
കാവിലുംപാറ: 2,10,11,12,13,14,15,16.