ആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍, നടുക്കുന്ന വീഡിയോ

ഈ ആഴ്ച വിദര്‍ഭ മേഖലയില്‍ നിന്നുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്

Update: 2024-09-05 17:19 GMT

ഗഡ്ചിറോളി(മഹാരാഷ്ട്ര): പനി ബാധിച്ച് മരിച്ച രണ്ട് മക്കളുടെ മൃതദേഹം ആംബുലന്‍സില്ലാത്തതിനാല്‍ ചുമലിലേറ്റ് നടന്ന് മാതാപിതാക്കള്‍. മഹാരാഷ്ട്രയിലെ അഹേരി താലൂക്കില്‍ നിന്നുള്ള നടക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. 10 വയസ്സിന് താഴെയുള്ള രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹങ്ങളആണ് തോളിലേറ്റി വനപാതയിലൂടെ ദമ്പതികള്‍ നടന്നുപോയത്. ഇതിന്റെ വീഡിയോ നിയമസഭാ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാര്‍ പങ്കുവച്ചു. പനി ബാധിച്ചിട്ടും കൃത്യസമയത്ത് ശരിയായ ചികില്‍സ ലഭിച്ചിക്കാത്തതിനാലാണ് കുട്ടികള്‍ മരിച്ചതെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗഡ്ചിറോളിയിലെ ഗ്രാമത്തിലെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ ചുമലിലേറ്റി കൊണ്ടുപോയത്.


Full View

'രണ്ട് സഹോദരന്മാര്‍ക്കും പനി ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് കൃത്യസമയത്ത് ചികില്‍സ ലഭിച്ചില്ല. രണ്ട് മണിക്കൂറിനുള്ളില്‍, അവരുടെ നില വഷളായി, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ആണ്‍കുട്ടികളും മരണത്തിന് കീഴടങ്ങി'-ദുരന്തത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് വഡെറ്റിവാര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ മൃതദേഹം അവരുടെ ഗ്രാമമായ പട്ടിഗാവിലേക്ക് മാറ്റാന്‍ പോലും ആംബുലന്‍സ് ഇല്ലായിരുന്നു. കൂടാതെ മഴയില്‍ നനഞ്ഞ ചെളി നിറഞ്ഞ പാതയിലൂടെ 15 കിലോമീറ്റര്‍ നടക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. ഗഡ്ചിരോളിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഒരു ഭീകരമായ യാഥാര്‍ത്ഥ്യം ഇന്ന് വീണ്ടും മുന്നിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹായുതി സഖ്യകക്ഷികളായ ബിജെപിയുടെ ഫഡ്‌നാവിസ് ഗഡ്ചിറോളിയിലെ ഗാര്‍ഡിയന്‍ മന്ത്രിയാണെന്നും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധര്‍മറാവു ബാബ അത്‌റാം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സര്‍ക്കാരില്‍ എഫ്ഡിഎ മന്ത്രിയാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.


മഹാരാഷ്ട്രയിലുടനീളം പരിപാടികള്‍ നടത്തി സംസ്ഥാനം എങ്ങനെ വികസിക്കുന്നുവെന്ന് ഇരുവരും അവകാശപ്പെടുന്നു. അവര്‍ ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങി ഗഡ്ചിരോളിയിലെ ആളുകള്‍ എങ്ങനെ ജീവിക്കുന്നുവെന്നും അവിടെയുള്ള മരണസംഖ്യയെക്കുറിച്ചും കാണണമെന്നും വഡെറ്റിവാര്‍ പറഞ്ഞു. ഈ ആഴ്ച വിദര്‍ഭ മേഖലയില്‍ നിന്നുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. സപ്തംബര്‍ ഒന്നിന് ഗര്‍ഭിണിയായ ഒരു ആദിവാസി സ്ത്രീ തന്റെ വീട്ടില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. പ്രസവ വേദന കാരണം പ്രാദേശിക ആശുപത്രി കൃത്യസമയത്ത് ആംബുലന്‍സ് അയയ്ക്കാത്താണ് തിരിച്ചടിയായത്. അമരാവതിയിലെ മെല്‍ഘട്ട് ഗോത്രമേഖലയിലെ ദഹേന്ദ്രി ഗ്രാമത്തില്‍ നിന്നുള്ള കവിത എ സക്കോള്‍ എന്ന സ്ത്രീക്കാണ് പ്രസവവേദന ഉണ്ടായത്. അവളുടെ കുടുംബം പ്രാദേശിക ആരോഗ്യ അധികാരികളില്‍ നിന്ന് ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഇതിന് കുറഞ്ഞത് നാല് മണിക്കൂറെങ്കിലും എടുക്കുമെന്ന് അവര്‍ പറഞ്ഞു.

    മറ്റൊരു വഴിയുമില്ലാതെ കവിത വീട്ടില്‍ പ്രസവിച്ചു. മരിച്ച ഒരു കുഞ്ഞിനെയാണ് ജനിച്ചത്. അവളുടെ അവസ്ഥയും വഷളായി. വീട്ടുകാര്‍ സ്വകാര്യ വാഹനം ഏര്‍പ്പാട് ചെയ്ത് അവളെ ചുരാനിയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടുന്ന് അചല്‍പൂരിലേക്കും തുടര്‍ന്ന് അമരാവതിയിലേക്കും മാറ്റി.ഞായറാഴ്ച രാവിലെ അമ്മയ്ക്കും കുഞ്ഞിനും ജീവനുവേണ്ടിയുള്ള പോരാട്ടം അവസാനിച്ചു. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത് കാണിക്കുന്നത്. 'ലഡ്കി ബഹിന്‍' പദ്ധതിയില്‍ പ്രതിമാസം 1500 രൂപ നല്‍കി വോട്ട് തേടുന്ന സര്‍ക്കാരിന് ആംബുലന്‍സുകള്‍ക്കായി പണം ചെലവഴിക്കാമായിരുന്നുവെന്നും വഡെറ്റിവാര്‍ പറഞ്ഞു. രണ്ട് സംഭവങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Tags:    

Similar News