ഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പോലിസ്

2017 മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പുറത്ത്

Update: 2024-10-16 14:53 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2017 മുതല്‍ 2023 ആഗസ്റ്റ് വരെ മതസ്പര്‍ധ വളര്‍ത്തിയതിനോ തീവ്രവാദ പ്രവര്‍ത്തനത്തിനോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലിസ്. ജനകീയ വികസന ഫോറം പ്രസിഡന്റ് പി എ മുഹമ്മദ് ഷരീഫ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പോലിസിന്റെ മറുപടി. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേവലം 69 കേസുകള്‍ മാത്രമാണ് ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തതെന്നും പോലിസ് വ്യക്തമാക്കി.

ഈരാറ്റുപേട്ട നഗരസഭ, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളാണ് ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നത്. മതസ്പര്‍ധ-തീവ്രവാദക്കേസുകളും ക്രമസമാധാന പ്രശ്‌നങ്ങളും ഈരാറ്റുപേട്ടയില്‍ വളരെയധികമാണെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ കാര്‍ത്തിക് 2022 ഡിസംബര്‍ 22ന് ഡിജിപിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട റിപോര്‍ട്ടിലായിരുന്നു പരാമര്‍ശം. ഇതോടെ മിനി സിവില്‍ സ്‌റ്റേഷനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് രണ്ട് വര്‍ഷം വൈകി.

അടിസ്ഥാനമില്ലാത്ത ഈ റിപോര്‍ട്ട് പിന്‍വലിക്കണമെന്ന് നഗരസഭയില്‍ 2023 ഒക്ടോബര്‍ 13ന് കൂടിയ സര്‍വ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റിപോര്‍ട്ട് ഇതുവരെയും പിന്‍വലിച്ചിട്ടില്ല.

2017 മുതല്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമാധാനം എന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബര്‍ 31 ന് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഈ അപേക്ഷ 2023 നവംബര്‍ ഏഴിന് വിവരവകാശ നിയമം വകുപ്പ് 8 (ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിരസിച്ചു. തുടര്‍ന്ന് 2023 ഡിസംബര്‍ 8ന് പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം ജെ തോമസിന് അപ്പീല്‍ നല്‍കി. ഇതോടെ 2024 ജനുവരി 9ന് വിവരവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കി.

ഈ അപ്പീലിലാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതിയും നല്‍കാന്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപ് നിര്‍ദേശം നല്‍കിയത്.

Tags:    

Similar News