മുസ് ലിം വിരുദ്ധ നടപടിയുമായി വീണ്ടും അസം സര്‍ക്കാര്‍; നിയമസഭയിലെ വെള്ളിയാഴ്ചത്തെ ജുമുഅ ഇടവേള നിര്‍ത്തലാക്കി
ഗുവാഹത്തി: തുടര്‍ച്ചയായി മുസ് ലിം വിരുദ്ധ നടപടിയുമായി ബിജെപി ഭരിക്കുന്ന അസം സര്‍ക്കാര്‍. ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന ഇടവേള നിര്‍ത്തലാക്കി. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ആനുകൂല്യമാണ് ഇല്ലാതാക്കിയത്. ഇനി മുതല്‍ ജുമുഅ നമസ്‌കാരത്തിനായി മുസ് ലിം എംഎല്‍എമാര്‍ക്ക് പ്രത്യേക ഇടവേള അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയാണ് ഇടവേള അനുവദിച്ചിരുന്നത്. അസം നിയമസഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇന്ന് മുതല്‍ ഈ നിയമം മാറ്റുകയാണെന്നും പ്രത്യേക ഇടവേള ഉണ്ടാവില്ലെന്നും ബിജെപി എംഎല്‍എ ബിശ്വജിത്ത് ഫുകന്‍ അറിയിച്ചു. എല്ലാവരും ഇതിനെ അനുകൂലിച്ചെന്നും ലോക്‌സഭയിലോ രാജ്യസഭയിലോ മറ്റ് നിയമസഭകളിലോ ഇത്തരത്തില്‍ ജുമുഅ നമസ്‌കാരത്തിനായി ഇടവേള അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30നാണ് അസം നിയമസഭാ സമ്മേളനം തുടങ്ങുന്നത്. വെള്ളിയാഴ്ച മാത്രം ഇത് അര മണിക്കൂര്‍ നേരത്തേ ഒമ്പതിനായിരുന്നു.
ജുമുഅ ഇടവേള ഒഴിവാക്കിയതോടെ വെള്ളിയാഴ്ചയും ഇനി 9.30ന് സമ്മേളനം തുടങ്ങും. നേരത്തെ 2023 ഡിസംബറില്‍ രാജ്യസഭയില്‍ ജുമുഅ നമസ്‌കാരത്തിനായി അനുവദിച്ചിരുന്ന 30 മിനിറ്റ് ഇടവേള മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. വിദ്വേഷപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയായ ശേഷം നിരവധി മുസ് ലിം വിരുദ്ധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ബില്‍ വ്യാഴാഴ്ച അസം നിയമസഭ പാസാക്കിയിരുന്നു. ഇതിനുപുറമെസ 'മിയ' മുസ്‌ലിംകളെ അസം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരേ നിരവധി മുസ് ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ, 2023 മാര്‍ച്ചില്‍ സംസ്ഥാനത്തെ 600ലേറെ മദ്‌റസകളാണ് അസം സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. മാത്രമല്ല, പ്രമുഖ സര്‍വകലാശാലയുടെ കമാനം മക്കയിലേതു പോലെയാണെന്ന വിദ്വേഷപ്രസംഗവും നടത്തിയിരുന്നു.