ക്രിസ്ത്യന്‍ പള്ളികളില്‍ രഹസ്യ പോലിസിനെ നിയോഗിച്ച് ബിജെപി സര്‍ക്കാര്‍
കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഹിന്ദുത്വ പ്രതിഷേധം.
ബംഗളൂരു: ക്രൈസ്തവ ദേവാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഹാളുകള്‍ക്കും എതിരേ ഹിന്ദുത്വ ആക്രമണം വ്യാപിക്കുന്നതിനിടെ ക്രിസ്ത്യന്‍ പള്ളികളെ കുറിച്ച് രഹസ്യാന്വേഷണം നടത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി ബിജെപി സര്‍ക്കാര്‍. ക്രിസ്ത്യന്‍ പുരോഹിതര്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു എന്ന ഹിന്ദുത്വ ആരോപണം ശക്തിപ്പെടുന്നതിനിടേയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ വിവാദ നടപടി. ക്രിസ്ത്യന്‍ പള്ളികളുടേയും വീടുകളോടും മറ്റും ചേര്‍ന്നുള്ള ചെറുതും വലുതുമായ പ്രാര്‍ത്ഥനാ ഹാളുകളുടേയും വിവരം ശേഖരിക്കാനാണ് രഹസ്യാന്വേഷണ വിഭാഗം ഉത്തരവ് നല്‍കിയിട്ടുള്ളതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട്് ചെയ്യുന്നു.
ക്രൈസ്തവ ദേവാലയങ്ങള്‍, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളുകള്‍, സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍, മതപരിവര്‍ത്തനം തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാ കലക്ടര്‍ക്ക് പുറമെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവിന്റെ കോപ്പി നല്‍കിയിട്ടുണ്ടെന്ന് ദി ക്വിന്റ് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 16ന് എഡിജിപി പുറപ്പെടുവിട്ട ഉത്തരവില്‍ നിയമ വിധേയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ വിവരം നല്‍കാന്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളെ കുറിച്ച് സര്‍വ്വേ നടത്താന്‍ നല്‍കിയ ഉത്തരവും വിവാദമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഹിന്ദുത്വ പ്രതിഷേധം. ഒക്ടോബര്‍ 19ന് ഹുബ്ലിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ഭജനയും കീര്‍ത്തനവും നടത്തിയിരുന്നു. ഞായറാഴ്ച്ച പ്രാര്‍ത്ഥന നടക്കുന്നതിനിടേയായിരുന്നു ഹിന്ദുത്വ അതിക്രമം. ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരവും നടത്തി. തുടര്‍ന്ന് ക്രിസ്ത്യന്‍ പുരോഹിതനെതിരേ പോലിസ് കേസെടുത്തു. ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ വഴി തടയല്‍ സമരം ഉള്‍പ്പടെ അരങ്ങേറിയതോടെ ക്രിസ്ത്യന്‍ പുരോഹിതനെ പോലിസ് അറസ്റ്റ് ചെയ്തു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണം ശക്തിപ്പെടുന്നതിനിടേയാണ് ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ ബിജെപി സര്‍ക്കാരും നിലപാട് സ്വീകരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളെ കുറിച്ചുള്ള സര്‍വേയും രഹസ്യാന്വേഷണവും വിവേചനപരമായ നടപടിയാണെന്നും ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്.