'ജീവനുള്ള നരകം': റോഹിന്‍ഗ്യകള്‍ക്കു പിന്നാലെ ചര്‍ച്ചുകളേയും പുരോഹിതന്‍മാരെയും ലക്ഷ്യമിട്ട് മ്യാന്‍മര്‍ സൈന്യം

രാജ്യത്തെ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന അതിക്രമങ്ങളാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളായി മാറിയിരിക്കുന്നത്.

Update: 2021-10-14 06:28 GMT

നേപിഡോ: കിരാതമായ ആക്രമണം അഴിച്ചുവിട്ട് ലക്ഷക്കണക്കിന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ മ്യാന്‍മര്‍ സൈന്യം രാജ്യത്ത് നിന്ന് ഓടിച്ചത്. രാജ്യത്തെ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന അതിക്രമങ്ങളാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളായി മാറിയിരിക്കുന്നത്.


കഴിഞ്ഞ മാസം, മ്യാന്‍മര്‍ സൈന്യം കുങ് ബിയാക്ക് ഹം എന്ന 31കാരനായ ബാപ്റ്റിസ്റ്റ് പാസ്റ്ററെ വെടിവച്ച് കൊന്നു. തുടര്‍ന്ന് സൈനികര്‍ പാസ്റ്ററുടെ വിരല്‍ മുറിച്ചുമാറ്റി അദ്ദേഹത്തിന്റെ വിവാഹ മോതിരം മോഷ്ടിക്കുകയും ചെയ്തു.


മ്യാന്‍മാറിന്റെ വടക്കുപടിഞ്ഞാറന്‍ ചിന്‍ സംസ്ഥാനത്തെ തന്തലാംഗ് പട്ടണത്തില്‍ സൈനിക ഷെല്ലാക്രമണത്തിനിടെ പടര്‍ന്നുപിടിച്ച തീ അണയ്ക്കാന്‍ ശ്രമിച്ചതായിരുന്നു കുങ് ബിയാക്ക് ഹം ചെയ്ത കുറ്റം.


'കുങ് ബിയാക്ക് ഹം കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ വിരല്‍ മുറിച്ചതും ജനങ്ങള്‍ക്കെതിരേ നടത്തുന്ന യുദ്ധത്തില്‍ മ്യാന്‍മര്‍ സൈനികര്‍ നടത്തുന്ന അനാദരവിന്റെയും ക്രൂരതയുടെയും വ്യാപ്തി തെളിയിക്കുന്നതാണെന്ന് ചിന്‍ മനുഷ്യാവകാശ സംഘടന ഡെപ്യൂട്ടി ഡയറക്ടര്‍ സലൈ സാ ഉക് ലിംഗ് അല്‍ ജസീറയോട് പറഞ്ഞു.

ഫെബ്രുവരി 1ലെ അട്ടിമറിക്ക് ശേഷം ക്രിസ്ത്യന്‍ പള്ളികളേയും സഭാ നേതാക്കളും സന്നദ്ധപ്രവര്‍ത്തകരേയും മനുഷ്യാവകാശ സംഘടനകളേയും സൈന്യം നിരന്തരം ലക്ഷ്യമിടുകയാണെന്നും 20 ഓളം സൈനിക അതിക്രമങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായതെന്നും മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും രേഖപ്പെടുത്തിയ കേസുകളിലൊന്നാണ് പാസറ്ററുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.


 പള്ളികളില്‍ ഷെല്ലാക്രമണം നടത്തുക, പാസ്റ്റര്‍മാരെ തടവിലാക്കുക, പള്ളികളെ സൈനിക താവളങ്ങളായി ഉപയോഗിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് സൈന്യം ക്രിസ്ത്യാനികള്‍ക്കെതിരേ നടത്തിവരുന്നത്.

'പള്ളികള്‍ ഇപ്പോള്‍ ശൂന്യവും വിജനവുമാണ്'കയാ സംസ്ഥാനത്തെ ഒരു കത്തോലിക്കാ സഭാ നേതാവ് പറഞ്ഞു. 'ജനങ്ങളുടെ ഹൃദയത്തില്‍ ഭയം കുത്തിവച്ചിരിക്കുന്നു. പള്ളികള്‍ പോലും ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരല്ല'- പ്രതികാരമുണ്ടാവുമെന്ന ഭയം കാരണം പേരു വെളിപ്പെടുത്താന്‍ തയ്യാറാത്ത അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സൈനിക വക്താവ് മേജര്‍ ജനറല്‍ സാന്‍ മിന്‍ ടണ്‍ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളില്‍ അഭിപ്രായം തേടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ പ്രതികരണം ലഭ്യമായില്ലെന്ന് അല്‍ജസീറ പറയുന്നു.

മെയ് മാസത്തില്‍, കത്തോലിക്കാ പള്ളിക്കു നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ നാലു പേര്‍കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള കായയിലെ പള്ളികള്‍ക്കെതിരായ ആക്രമണത്തെ സൈന്യം ന്യായീകരിച്ചു. അവിടെ 'പ്രാദേശിക വിമതര്‍' ഒളിച്ചിരുന്നുവെന്നാണ് സൈന്യത്തിന്റെ അവകാശവാദം.

കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ മ്യാന്‍മറിലെ ജനസംഖ്യയുടെ ആറ് ശതമാനത്തോളം ഉണ്ടെങ്കിലും ഭൂരിപക്ഷവും വംശീയ ന്യൂനപക്ഷ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ മതവും വംശീയതുമാണ് അവരെ ലക്ഷ്യമിടാന്‍ കാരണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Tags:    

Similar News