യുപിയില്‍ നൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു

വീഡിയോയില്‍ വെള്ള കോട്ട് ധരിച്ച വിദ്യാര്‍ഥികള്‍ ചെറു ഗ്രൂപ്പുകളായി നിശ്ചിത അകലത്തില്‍ ഒരു ഫയല്‍ കൈയില്‍പിടിച്ചാണ് നടന്നുപോവുന്നത്. എല്ലാവരുടെയും തലമുണ്ഡനം ചെയ്തതായും കാണുന്നുണ്ട്. റീഗിങിനു വിധേയരായ വിദ്യാര്‍ഥികള്‍ക്കു സമീപം ഒരു സുരക്ഷാജീവനക്കാരനെയും കാണുന്നുണ്ട്.

Update: 2019-08-21 05:31 GMT

സയ്ഫായി(യുപി): ഉത്തര്‍പ്രദേശിലെ ഒരു സര്‍വകലാശാലയില്‍ 150ഓളം മെഡിക്കല്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. സയ്ഫായി വില്ലേജിലുള്ള ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശ് യൂനിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചൊവ്വാഴ്ചയാണു സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിനിരയാക്കിയ ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഇവര്‍ക്കു മുന്നില്‍ ഭയഭക്തിയോടെ വണങ്ങുകയും മൊട്ടയടിച്ച ശേഷം വരിവരിയായി നടന്നുപോവുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ശ്രദ്ധയില്‍പെട്ടെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും പറഞ്ഞ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ ഇതേക്കുറിച്ച് പ്രത്യേകസംഘം പരിശോധിച്ച് ഉത്തരവാദികളായ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതായും അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ബോധമുണ്ടാക്കാന്‍ പ്രത്യേക ഡീനിന്റെ സേവനം നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു റാഗിങ് വിരുദ്ധ സമിതിയുണ്ട്. പ്രത്യേക സംഘം സര്‍വകലാശാലയിലെ എല്ലായിടത്തും സന്ദര്‍ശിക്കാറുണ്ട്. ഇത്തരം പരാതികള്‍ സമിതി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   വീഡിയോയില്‍ വെള്ള കോട്ട് ധരിച്ച വിദ്യാര്‍ഥികള്‍ ചെറു ഗ്രൂപ്പുകളായി നിശ്ചിത അകലത്തില്‍ ഒരു ഫയല്‍ കൈയില്‍പിടിച്ചാണ് നടന്നുപോവുന്നത്. എല്ലാവരുടെയും തലമുണ്ഡനം ചെയ്തതായും കാണുന്നുണ്ട്. റീഗിങിനു വിധേയരായ വിദ്യാര്‍ഥികള്‍ക്കു സമീപം ഒരു സുരക്ഷാജീവനക്കാരനെയും കാണുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ സുരക്ഷാ ജീവനക്കാരന്‍ ഇത് തടയാന്‍ ശ്രമിക്കാതെ നില്‍ക്കുന്നതും കാണുന്നുണ്ടെന്ന് എന്‍ഡിവി റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു ഭീതിയും വേണ്ട. കുറ്റവാളികളെയെല്ലാം മാതൃകാപരമായി ശിക്ഷിക്കു. ആദ്യഘട്ടത്തില്‍ ഉത്തരവാദികളെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.

  


മുന്‍ മുഖ്യമന്ത്രിമാരും സമാജ് വാദി പാര്‍ട്ടി നേതാക്കളുമായ മുലായം സിങ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും നാടാണ് സയ്ഫായ്. അഖിലേഷ് യാദവാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവ്. ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ഈ ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. മുലായം സിങ് യാദവിന്റെ ഭരണകാലത്താണ് സര്‍വകലാശാല സ്ഥാപിച്ചത്. കഴിഞ്ഞ മാസം ഇവിടെ 14കാരി സഹപാഠികളുടെ റാഗിങിനിരയായി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ചില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു കോളജ് വിദ്യാര്‍ഥികളും റാഗിങ് കാരണം ആത്മഹത്യ ചെയ്തിരുന്നു. ഇന്ത്യയില്‍ തന്നെ റാഗിങ് കേസുകള്‍ ഈയിടെ വര്‍ധിച്ചുവരികയാണ്. 2015ല്‍ 423 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ 901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര മാനവ വിഭവ ശേഷി വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഈയിടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.



Tags:    

Similar News