അന്‍വര്‍ രാജിയിലേക്കോ...?; വൈകീട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ.

Update: 2024-09-26 05:31 GMT

മലപ്പുറം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിയതിനു പിന്നാലെ കടുത്ത തീരുമാനത്തിലേക്ക് പി വി അന്‍വര്‍ എംഎല്‍എ. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനമെന്നും അതിത്തിരി കൂടുതലുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ. ഇന്ന് വൈകീട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. അന്‍വര്‍ രാജിവയ്ക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. അന്‍വര്‍ നിരന്തരം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള പി ശശിയെയും ആര്‍എസ്എസ്സുമായി രഹസ്യചര്‍ച്ച നടത്തിയ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെയും ഉള്‍പ്പെടെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷത്തിന്റേതല്ലെന്നും കോണ്‍ഗ്രസിന്റേതാണെന്നും പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണം ഇഎംഎസും മുമ്പ് കോണ്‍ഗ്രസായിരുന്നുവെന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്. പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം താല്‍ക്കാലികമായി നിര്‍ത്തുന്നതായി അറിയിച്ചിരുന്നു. ഇതിനു ശേഷം എഡിജിപി അജിത്ത് കുമാറിനെതിരേ സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡിജിപിക്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അന്‍വര്‍ പരിഹസിച്ചിരുന്നു. 2024ലെ ഏറ്റവും വലിയ തമാശയെന്നായിരുന്നു പരിഹാസം. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്.

Tags:    

Similar News