പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച നീക്കണമെന്ന് ഹൈക്കോടതി
ചീങ്കണ്ണിപ്പാറയിലെ ഡാമിലെ വെള്ളം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു ടെക്നിക്കല്‍ ഓഫീസറെ നിയമിച്ച് വെള്ളം പൂര്‍ണമായി ഒഴുക്കിക്കളയണം. അതിന് ശേഷം ഡാം പൊളിച്ചുനീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച നീക്കി രണ്ടാഴ്ചയക്കുള്ളിില്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ വെള്ളം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു ടെക്നിക്കല്‍ ഓഫീസറെ നിയമിച്ച് വെള്ളം പൂര്‍ണമായി ഒഴുക്കിക്കളയണം. അതിന് ശേഷം ഡാം പൊളിച്ചുനീക്കണം. നിര്‍ദേശം നടപ്പാക്കി റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡാം പൊളിച്ചുനീക്കുന്നതില്‍ കുഴപ്പമില്ലെന്ന് മലപ്പുറം കലക്ടര്‍ നേരത്തെ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഡാം പൊളിച്ചുനീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.
അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.അമ്യൂസ്മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കലക്ടര്‍ നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍.ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരുന്നത്.